Parayathe Vayya

രണ്ട് വോട്ടിനായിഎന്തും ചെയ്യാൻ തയ്യാറുള്ളവർക്ക് പ്രാമുഖ്യമുള്ള രാഷ്ട്രീയ കാലാവസ്ഥയിൽ ഇതും ഇതിനപ്പുറവും സംഭവിക്കും.

കെ വി എസ് ഹരിദാസ്‌

പത്താൻകോട്ട് പ്രശ്നം വലിയ കോലാഹലമില്ലാതെ അവസാനിച്ചതിൽ നമ്മുടെ പല രാഷ്ട്രീയ നേതാക്കൾക്കും ഇനിയും സമാധാനമായിട്ടില്ല. ഓരോരോ കാരണം അന്വേഷിച്ച്‌ പലരും ഇന്നും തെരുവിലിറങ്ങുന്നത്‌ കാണാം. അക്കൂട്ടത്തിൽ രാഷ്ട്രീയക്കാരുണ്ട്; മാധ്യമപ്രവർത്തകരും ഉണ്ട്. ചില ദേശീയ ചാനലുകൾ പാക് സർക്കാരിനെപോലും അതിശയിപ്പിച്ചത് നാമൊക്കെ കണ്ടതാണ്. പാക്കിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകര പ്രസ്ഥാനങ്ങളുടെ തലവന്മാർ ആ മാധ്യമ സ്നേഹിതരെ അഭിവാദ്യം ചെയ്യുന്നതും നാമൊക്കെ ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടു. പത്താൻകോട്ട് പ്രശ്നത്തിൽ ചില പാകപ്പിഴകൾ സംഭവിച്ചിരുന്നിരിക്കാം എന്നത് ശരിയാണ്. അല്ലെങ്കിൽ ഭീകരർക്ക് ആ വ്യോമസേന കേന്ദ്രത്തിൽ കയറാൻ കഴിയില്ലല്ലോ. അത്തരം പ്രശ്നങ്ങൾ, വീഴ്ചകൾ അംഗീകരിക്കുകതന്നെവേണം. ഭരണകൂടത്തിനും അതൊക്കെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. അതുകൊണ്ടുകൂടിയാണ് വീഴ്ചകൾ വിലയിരുത്തുമെന്നും അതിനു പരിഹാരം കാണുമെന്നും നമ്മുടെ പ്രതിരോധ മന്ത്രി മനോഹർ പരിക്കർ പറഞ്ഞത്. പാക്‌ പദ്ധതി സംബന്ധിച്ച് രഹസ്യാന്വേഷണ വിവരം കിട്ടിയിരുന്നു എന്നതും സ്മരണീയമാണ് ; എന്നാൽ അത് സമ്പൂർണ്ണമാകണമെന്നില്ല. ചിലർ പക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തുന്നത്‌ തിരിച്ചറിഞ്ഞുഎന്നത് പ്രധാനമാണ്. അതാണല്ലോ മലയാളിയെ പിടികൂടിയത്. പക്ഷെ, അതിനെല്ലാമിടയിൽ നടക്കാൻ പാടില്ലാത്തത് നടന്നു. അതിനു വേണ്ടതായ പരിഹാരം കാണുക എന്നതാണ് ഇനി വേണ്ടത്. തീർച്ചയായും നരേന്ദ്ര മോഡി സർക്കാർ അതൊക്കെ ചെയ്യും എന്നതിലാർക്കെങ്കിലും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല.

നമ്മുടെ പ്രതിപക്ഷ കക്ഷി നേതാക്കൾ ഈ പ്രശ്നത്തെ പതിവുപോലെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെയാണ് കണ്ടത്. അവർക്ക് അതൊരു വീണുകിട്ടിയ നേട്ടം ആയിരുന്നു; അല്ലെങ്കിൽ അങ്ങിനെയാണ് അവരെല്ലാം ചിന്തിച്ചത്. ആനന്ദ് ശർമയെപ്പോലുള്ളവർ എത്ര തരംതാണ പ്രസ്താവനയാണ് നടത്തിയത് എന്നതോർക്കുക. കോണ്‍ഗ്രസുകാരുടെ തനിനിറം കാണിക്കുന്നതായിരുന്നു അത്. ഒരു പക്ഷെ അതിലേറെ ഭേദമായിരുന്നു സിപിഎമ്മിന്റെയും സിപിഐയുടെയും ചില കേന്ദ്ര നേതാക്കളുടെ പ്രതികരണം. അവരുടെ ചില പ്രാദേശിക തലവന്മാർ കിട്ടിയ അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ യത്നിച്ചത് മറക്കുകയല്ല. അതിനെക്കാളൊക്കെ അതിശയിപ്പിച്ചത് സാക്ഷാൽ എ കെ ആന്റണി നടത്തിയ പ്രസ്താവനയാണ്. താനും കുറെനാൾ പ്രതിരോധ മന്ത്രി ആയിരുന്നു എന്നത് ഓർക്കാതെയാണ് അദ്ദേഹം വായ് തുറന്നത് എന്നത് വയ്യ. ഡൽഹിയിൽ താമസമാക്കിയത് മുതൽ ആന്റണി സോണിയ – രാഹുൽ തുടങ്ങിയവരുടെ നിലവാരത്തിലേക്ക് അധപ്പതിച്ചു എന്നത് ഇപ്പോൾ കേൾക്കാറുള്ള പ്രസ്താവനയാണ്. അത് ശരിവെക്കുന്നതായിരുന്നു ഈ പ്രശ്നത്തിലെ അദ്ദേഹത്തിൻറെ നിലപാട്. കഷ്ടം എന്നുമാത്രമേ അതിനെക്കുറിച്ച് പറയാനാവൂ.

ഇവിടെ ഇപ്പോൾ ഭീകരാക്രമണം നടന്നു എന്നത് ശരിയാണ്. പഞ്ചാബ് അതിർത്തിയിൽ ഇതിനുമുൻപും അതുണ്ടായി എന്നതും വസ്തുതയാണ്. എന്നാൽ ആക്രമണത്തെ ഏതുവിധേനയും തടുക്കാൻ, അപകടം പരമാവധി ഒഴിവാക്കാൻ കഴിഞ്ഞു എന്നത് മറക്കാൻ കഴിയുമോ?. ഏഴു സൈനികർ വീരമൃത്യു വരിച്ചു എന്നത് മറക്കുകയല്ല. അവരിൽ ഒരാൾ മാത്രമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചത്; മറ്റുള്ളവരുടെ വീരമൃത്യുവിന് കാരണം മറ്റുപലതുമായിരുന്നു. അതൊന്നും പ്രശ്നത്തിന്റെ ഗൌരവം കുറയ്ക്കുന്നില്ല. എന്നാൽ കോണ്‍ഗ്രസുകാർ വിളിച്ചുകൂവുന്നത് കാണുമ്പോൾ അവരുടെ കാലത്ത് ഇവിടെ ഒരു ഭീകരാക്രമണം പോലുമുണ്ടായിട്ടില്ല എന്ന് തോന്നും. 2004 മുതൽ 2014 വരെയുള്ള കോണ്‍ഗ്രസ് – യുപിഎ ഭരണകാലത്ത് ഇന്ത്യയിൽ നടന്നത് 40 ഭീകരാക്രമണങ്ങളാ ണ്‌ എന്നതാണ് സർക്കാരിന്റെ കണക്ക്. അതിൽ 1, 100 – ഓളം പേർ കൊല്ലപ്പെട്ടു. ഇന്ത്യയിലെ ഒട്ടെല്ലാ മേഖലയിലും അന്ന് ഭീകരാക്രമണങ്ങൾ നടന്നു. പടിഞ്ഞാറു ഗുജറാത്ത്‌ മുതൽ കിഴക്ക് ആസാം – മണിപ്പൂർ വരെ; കാശ്മീർ മുതൽ ബംഗ്ലൂർ വരെയും. ദക്ഷിണേന്ത്യയിലും അക്കാലത്ത് ഭീകരാക്രമണങ്ങൾ നടന്നു എന്നത് പ്രധാനമാണ്. ഇനി കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ പിന്തുണച്ചിരുന്ന ആദ്യ യുപിഎ സർക്കാരിന്റെ കാലത്തുനടന്നത് പ്രത്യേകം ഒന്ന് നോക്കാം. അത് ഏതാണ്ട് 23- 24 എണ്ണമുണ്ട്; മരിച്ചവരുടെ എണ്ണം ഏതാണ്ട് 950- ഓളവും. അക്കാലത്താണ് കുപ്രസിദ്ധമായ മുംബൈ ആക്രമണം നടന്നത്. അതിർത്തിയിൽ നമ്മുടെ ധീര ജവാന്മാരുടെ തലയറത്തുകൊണ്ട് പാക്‌ പട്ടാളം ക്രൂരത പ്രകടിപ്പിച്ചതും അന്നുതന്നെ. അന്നൊക്കെ മൻമോഹൻ സിങ്ങൊ ആന്റണിയോ നാവനക്കുന്നത് നാം കേട്ടിരുന്നുവോ?. അവരിവിടെ അന്ന് മുതലക്കണ്ണീർ ഒഴുക്കുകയായിരുന്നുവല്ലോ .

പത്താൻകോട്ട് സംഭവത്തിനു പിന്നിലുണ്ടായിരുന്നത് ജെയ്ഷ് ഇ മുഹമ്മദ്‌ എന്ന ഭീകരപ്രസ്ഥാനമാണ് എന്നത് നിമിഷങ്ങൾക്കകം കണ്ടെത്താൻ നമുക്കായി. അതിന്റെ തെളിവുകൾ താമസിയാതെ പാക്‌ അധികൃതർക്ക് എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവൽ പാക്‌ സുരക്ഷാ ഉപദേഷ്ടാവുമായി ആശയവിനിമയം നടത്തി. അവസാനം പ്രശ്നം ഏതാണ്ടൊക്കെ മനസിലായതിനാൽ കൂടിയാവണം പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്ര മോഡിയെ വിളിച്ച്‌ കാര്യങ്ങൾ സംസാരിച്ചു. ഇന്നിപ്പോൾ ഇതാ ഷരീഫ് ഈ പ്രശ്നം അന്വേഷിക്കാൻ പാക്‌ ഐബി തലവനെ ഏൽപ്പിച്ചു. പാക്‌ ഭരണകൂടം ചിന്തിക്കാനും പ്രവർത്തിക്കാനുംതുടങ്ങി. അതുകൊണ്ട് എന്തുഫലം എന്നുവേണമെങ്കിൽ ചോദിക്കാം. മുന്പും അതൊക്കെ നടന്നിട്ടില്ലേ എന്നും പറഞ്ഞേക്കാം. പക്ഷെ ഇത്രപെട്ടെന്ന് ഇതിനുമുൻപ്‌ ഇതുപോലൊന്നും നടന്നിട്ടില്ല എന്നത് വസ്തുതയാണ്. സ്വാഭാവികമായും ഇന്ത്യയും അന്വേഷിക്കും; വ്യക്തിപരമായി പറഞ്ഞാൽ ഭീകരാക്രമണ സമയത്ത് ഇന്ത്യ വിരുദ്ധ പ്രചാരണത്തിൽ ( അല്ലെങ്കിൽ പാക്‌ അനുകൂല മാധ്യമ നിരീക്ഷകർക്കു വേണ്ടതിലധികം അവസരം നൽകിയ) നമ്മുടെ നാട്ടിലെ ടിവി ചാനലുകളും അന്വേഷണത്തിന്റെ പരിധിയിൽ വരണം. അത് എൻ ഐ എ യും മറ്റും പരിശോധിക്കട്ടെ.

ഇവിടെ ഭീകരാക്രമണം ഇതാദ്യമല്ല. എന്നൊക്കെ ഇന്ത്യ പാക്കിസ്ഥാനുമായി സമാധാനമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നെല്ലാം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമം പാക്‌ സേനയും ഭീകരരും ശ്രമിച്ചിട്ടുണ്ട്. എത്രയോ ഉദാഹരണങ്ങൾ അതിനുണ്ട്. വാജ്‌പേയി സർക്കാരിന്റെ കാലം മുതൽ അത് കണ്ടതാണ്. ലാഹോർ ബസ് യാത്ര കഴിഞ്ഞപ്പോഴാണ് കാർഗിൽ യുദ്ധമുണ്ടായത്. പിന്നീട് കാർഗിലിന് കാരണക്കാരനായ മുഷാറഫ് പാക്‌ പ്രസിഡന്റ്‌ ആയി. അന്ന് അദ്ദേഹത്തെ ചർച്ചയ്ക്കായി ക്ഷണിച്ചുകൊണ്ടുവന്നു; ആഗ്ര ഉച്ചകോടിയുടെ കാര്യമാണ് സൂചിപ്പിച്ചത്. അതിനുപിന്നാലെയാണ് പാർലമെന്റ് ആക്രമണത്തിനു ദൽഹി സാക്ഷ്യം വഹിച്ചത്. അതൊക്കെ കണക്കിലെടുത്താണ് ഇത്തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം രണ്ടു രാജ്യങ്ങൾക്കും പുറത്തുവെച്ചു നടത്തിയത്. അതിനർഥം വസ്തുതകൾ പാക്‌ പ്രധാനമന്ത്രി അടക്കമുള്ളവർക്ക് നന്നായി മനസിലായി എന്നതാണ്. പക്ഷെ അപ്പോഴും നാം ചിലതെല്ലാം പ്രതീക്ഷിച്ചു; കരുതിയിരുന്നു. അത് പത്താൻകോട്ടിന്റെ രൂപത്തിലാണ് വന്നതെന്നു മാത്രം. ഇവിടെ നരേന്ദ്ര മോഡി കണ്ണടച്ച് എന്തെങ്കിലും ചെയ്യുകയല്ല. പലതും പലതും പറയും; എന്നാൽ മോഡിക്കും ഈ സർക്കാരിനും ചില വ്യക്തമായ പദ്ധതികളുണ്ട്. നവാസ് ഷരീഫിനെ കൂടെ നിർത്തിക്കൊണ്ട് ഭീകരർക്കെതിരെ തിരിയുക എന്നതാണത് എന്നുവേണം ഊഹിക്കാൻ. അതാണ്‌ അടുത്തകാലത്ത് കാണുന്നത്. മോഡിയുടെ ലാഹോർ യാത്രയുടെ കാരണവും മറ്റൊന്നല്ല. എന്തെല്ലാം ആരെല്ലാം പറഞ്ഞാലും, പാക്‌ ഭീകരർ അഴിഞ്ഞാടുന്നുവെങ്കിലും, ഇന്ത്യ – പാക്‌ പ്രധാനമന്ത്രിമാർ അടുത്തു പെരുമാറുന്നു; പരസ്പരം വിഷമങ്ങൾ മനസിലാക്കുന്നു. അതായിരുന്നില്ല അടുത്തകാലം വരെയുള്ള സ്ഥിതി എന്നത് മറന്നുകൂടാ. പാക്‌ പ്രധാനമന്ത്രിയും പാക്‌ ഭീകരരുടെ താളത്തിനൊത്ത് തുള്ളുന്നതാണല്ലോ അടുത്തിടെവരെ കണ്ടത്. മാറ്റമുണ്ട്, എന്നാൽ അത് എന്തെങ്കിലുമായി എന്ന് പറയാറായിട്ടില്ല. അതാണ്‌ ഇന്നത്തെ അവസ്ഥ.

ഇവിടെ നാമൊക്കെ കാണാതെ പോകേണ്ടാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. പാക്‌ ഭീകരർ ഇത്തവണ ആക്രമിച്ചത് വ്യോമസേന താവളമാണ് എന്നതാണത്. വ്യോമസേന താവളത്തിൽ സുരക്ഷാ ഏർപ്പാട്‌ ഡി എസ് സിയുടെ അധീനതയിലാണ്. ഡി എസ് സി എന്നത് സേനയിൽ നിന്നും വിരമിച്ചവരുടെ ഏർപ്പാടാണ്. നാവിക-വ്യോമ-കരസേനകളിൽ നിന്ന് വിരമിക്കുന്നവരെയാണ് അവിടെ നിയമിക്കുന്നത്. അവരവിടെ ചെയ്യുന്നത് വെറും കാവൽ ജോലി മാത്രമാണ്. അതാണ്‌ അവിടത്തെ പ്രശ്നം. ഇത്തരം സൈനിക കേന്ദ്രങ്ങളിലൊക്കെ ഇതാണ് സ്ഥിതി, കാലങ്ങളായി. അതാണ്‌ ഇന്നത്തെ സുരക്ഷാ വീഴ്ചയുടെ പ്രധാനകാരണം എന്നുവേണം കരുതാൻ. അത് അന്വേഷിക്കേണ്ട കാര്യമാണ് എന്നർഥം. കൊച്ചിയിൽ നേവൽ ബേസിൽ ചെന്നാൽ അതുകാണാം; നാവിക ഉദ്യോഗസ്ഥരുണ്ടാവും; എന്നാൽ കാവൽ ജോലിയിലുള്ളത് ഡി എസ് സി- ക്കാരാണ്. അതുമാത്രം മതിയോ?. പോരാ എന്നതാണ് പത്താൻകോട്ട് പഠിപ്പിക്കുന്നത്. വ്യോമാസേനയിലുള്ളവർക്ക് ഇത്തരം ഭീകാരക്രമണങ്ങളെ നേരിടാൻ കഴിയില്ല. അവരുടേ ജോലി വ്യോമാക്രമണം മാത്രമാണ്. പിന്നെ, ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അടുത്തുള്ള കരസേനാ ക്യാമ്പിൽ നിന്ന് പട്ടാളമെത്തണം . ശരിയാണ്, തത്വത്തിൽ അതുമതി. എന്നാൽ ഇന്നത്തെക്കാലത്ത് അതൊക്കെ സാധ്യമാവില്ല. പട്ടാളത്തിന്റെ കൈവശമുള്ള ആയുധങ്ങളേക്കാൾ ശക്തമായവ ഭീകരർ ഉപയോഗിക്കുന്നു എന്നത് മറന്നുപോകരുതല്ലോ. നാവിക ആസ്ഥാനത്ത് ഇതുപോലെ ഒരാക്രമണം ഉണ്ടായാലും ഇതൊക്കെയാവും പ്രശ്നം. അതുകൊണ്ട് ഓരോ സൈനിക കേന്ദ്രത്തിനും സുരക്ഷ ഒരുക്കാൻ ശക്തമായ സംവിധാനം വേണമെന്നത് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. കേന്ദ്രം അത് ഇത്തവണ ഗൌരവത്തിലെടുക്കും എന്നുതന്നെയാണ് കരുതേണ്ടത്.

ഇതൊക്കെക്കൊണ്ട് തീർന്നു എന്ന് കരുതേണ്ട. ഇന്ത്യ കരുക്കൾ ശക്തമായി നീക്കുകയാണ്. ഡി കമ്പനിയും പാക്‌ ഭീകരരുമൊക്കെ അത് മനസിലാക്കുന്നുണ്ട്‌. അതുകൊണ്ട് എല്ലാം സാധാരണ നിലയിലാവുന്നതിനു മുന്പായി ഇനിയും ചില നീക്കങ്ങൾ അതിർത്തിക്കപ്പുറത്തുനിന്നു പ്രതീക്ഷിക്കണം. അതിനു ഇന്ത്യ തയ്യാറെടുക്കണം. റിപ്പബ്ലിക് ദിനം വരുകയാണല്ലോ. അതിനെയൊക്കെ ലക്‌ഷ്യം വെയ്ക്കാൻ അക്കൂട്ടർ തയ്യാറായിക്കൂടായ്കയില്ല. അതിനോക്കെയോപ്പം ഇന്ത്യയിലെ തന്നെ ഭീകര സുഹൃത്തുക്കളെ നാം കരുതിയിരിക്കണം. അടുത്തിടെയാണ് തടിയന്ടവിട നസീറിന്റെ നീക്കങ്ങൾ സംബന്ധിച്ച് കുറെ വിവരങ്ങൾ വെളിച്ചം കണ്ടത്. ജയിലിൽ കഴിയുന്ന അയാൾ അവിടെയിരുന്നു ചെയ്യുന്നത് നാം കണ്ടു, കേട്ടു. പാക്കിസ്ഥാനിൽ നിന്ന് പണം പിരിക്കുന്നു; ഇവിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നു. അയാളുടെ പക്കൽ ഡസനോളം മൊബൈൽ ഫോണുകൾ.ഇത് ഒരു സംഭവം. അതുപോലെ എത്രയോ തടിയന്ടവിട നസീറുമാർ ഇവിടത്തെ ജയിലിലും പുറത്തുമുണ്ട്. അവരെ താലോലിക്കാൻ ആരെല്ലാമുണ്ട് എന്നതും നമുക്കൊക്കെയറിയാം. അവരുടെയൊക്കെ പേരുകൾ പറയണ്ട; രണ്ട് വോട്ടിനായി എന്തും ചെയ്യാൻ തയ്യാറുള്ളവർക്ക് പ്രാമുഖ്യമുള്ള രാഷ്ട്രീയ കാലാവസ്ഥയിൽ ഇതും ഇതിനപ്പുറവും സംഭവിക്കും. ഭീകരർക്കും അക്രമികൾക്കും കുഴലൂത്ത് നടത്തുന്നവരെക്കൂടി രാജ്യം കരുതിയിരിക്കണം എന്നതാണ് ഈ ഭീകരാക്രമണം നൽകുന്ന പാഠം.

shortlink

Related Articles

Post Your Comments

Related Articles


Back to top button