വളര്‍ത്തുനായയോടുള്ള സ്‌നേഹം കൊണ്ട് ബ്രിട്ടനിലെ ദമ്പതികള്‍ ചെയ്ത പ്രവൃത്തി വാര്‍ത്തകളില്‍ നിറയുകയാണ്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട നായയെ ക്ലോണിംഗിന് വിധേയമാക്കിയാണ് അവര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. രണ്ട് നായ്ക്കുട്ടികളെയാണവര്‍ ക്ലോണിംഗിലൂടെ സ്വന്തമാക്കിയത്. അതിന് ചെലവാക്കിയതാകട്ടെ ലക്ഷങ്ങളും.
ബ്രിട്ടനിലെ നോര്‍ത്ത് യോര്‍ക്ഷെയര്‍ സ്വദേശികളായ ലോറ ജാക്വിസ്-റിച്ചാര്‍ഡ് റെംഡേ ദമ്പതികളാണ് ഈ നായ സ്‌നേഹികള്‍. ബോക്‌സര്‍ ഇനത്തില്‍പ്പെട്ട ഡൈലന്‍ എന്ന ഇവരുടെ നായ ബ്രെയിന്‍ ട്യൂമര്‍ വന്ന് കഴിഞ്ഞവര്‍ഷമാണ് മരിച്ചത്. നായയുടെ വേര്‍പാട് ഇരുവര്‍ക്കും അതിനെ മറക്കാനായില്ല. ഡൈലന്റെ കോശങ്ങള്‍ അവര്‍ ദക്ഷിണ കൊറിയയിലെ സുവാം ബയോടെക് റിസര്‍ച്ച് ഫൗണ്ടേഷനിലേക്കയച്ചു.
ഇതില്‍ നിന്ന് ഡി.എന്‍.എ വേര്‍തിരിച്ച് നഷ്ടപ്പെട്ട ഡൈലനെ അനുസ്മരിപ്പിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു. 67,000 പൗണ്ട് അഥവാ 65 ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് ഇതിനായി ചെലവാക്കിയത്. ചാന്‍സ്, ഷാഡോ എന്നിങ്ങനെയാണ് നായ്ക്കുട്ടികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. സാധാരണ ജീവിതത്തിലേക്ക് എത്തിയപ്പോഴാണ് നായ്ക്കുട്ടികളെ ദമ്പതികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തയ്യാറായത്.
നായക്കുഞ്ഞുങ്ങളെ ഏറ്റെടുക്കാനായി സിയോളിലേക്ക് പോകാനൊരുങ്ങുകയാണ് ദമ്പതികള്‍.
Post Your Comments