മലപ്പുറം: പത്താന്‍കോട്ടില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മലയാളി എന്‍.എസ്.ജി കമാന്‍ഡോ നിരഞ്ജന്‍ കുമാറിനെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട അന്‍വര്‍ സാദിഖിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേരള പോലീസ് മലപ്പുറം ചെമ്മാന്‍കടവ് സ്വദേശി അന്‍വറിനെതിരെ കേസ് എടുത്തതെങ്കിലും ഇത്തരമൊരു കേസില്‍ രാജ്യദ്രോഹകുറ്റം ചുമത്താനാവില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന നിരഞ്ജന്റെ മരണവാര്‍ത്തയ്ക്ക് താഴെയാണ് അന്‍വര്‍ അദ്ദേഹത്തെ അപമാനിച്ച് കമന്റ് ചെയ്തത്. ‘ഒരു ശല്യം കുറഞ്ഞ് കിട്ടി.. ഇനി ഓന്റെ കെട്ടിയോള്‍ക്ക് ജോലിയും പൈസയും സാധാരണക്കാരന്‍ ഒന്നുമല്ല, നാറിയ ഇന്ത്യന്‍ ജനാധിപത്യം’ എന്നായിരുന്നു അനവറിന്റെ കമന്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധവും പരാതിയും ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഐപിസി 124 എ പ്രകാരമാണ് ചേവായൂര്‍ പോലിസ് കേസെടുത്തത്. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ നേരിട്ടോ, അല്ലാതെയോ നടത്തുന്നതും, രാജ്യത്തിന് അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹകുറ്റത്തിന്റെ പരിധിയില്‍ പെടും.
അതേസമയം വീരമ്യൂത്യു വരിച്ച സൈനികനെ വ്യക്തിപരമായ അവഹേളിക്കുകയാണ് അന്‍വര്‍ സാദിഖ് ചെയ്തത്. അതിനാല്‍ അന്‍വറിനെതിരെ പോലീസ് ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പ് നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യസ്നേഹികളുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കുന്ന തരത്തില്‍ ക്രിയാത്മകമായ സമീപനമാണ് പോലിസിന്റെ ഭഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരുന്നത്. നിലനില്‍ക്കാത്ത ഒരു വകുപ്പ് മാത്രം ചുമത്തി കേസെടുത്തിരിക്കുന്നതിനാല്‍ പ്രതിക്ക് രക്ഷപെടാനുള്ള സാധ്യതയും ഏറെയാണ്.
നിരഞ്ജനെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് ഐപിസി സെക്ഷന്‍ 499 പ്രകാരവും, കേരള പോലിസ് ആക്ടിലെ 120 ക്യു പ്രകാരവും കേസ് രജിസ്ട്രര്‍ ചെയ്തിരുന്നുവെങ്കില്‍ അന്‍വര്‍ സാദിഖ് കുടുങ്ങുമായിരുന്നു. മാധ്യമത്തിലെ ജീവനക്കാരന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചതിന് ആള്‍മാറട്ട വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യാമായിരുന്നു. മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന വകുപ്പാണ് കേരള പോലിസ് ആക്ടിലെ 120 ക്യൂ. ഈ സാഹചര്യത്തില്‍ അന്‍ര്‍ സാദിഖിനതിരെ മറ്റ് വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ശിക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.
Post Your Comments