Vaayanakkaarude Kathukal

കലോല്‍സവങ്ങള്‍ ആര്‍ക്കു വേണ്ടി….

ശശികല ഗോപീകൃഷ്ണ

ഇന്ന് ജില്ലാ കലോത്സവത്തിന്റെ ഭരതനാട്യ മത്സരമായിരുന്നു. മോളുടെ ഡാന്‍സ് അധ്യാപകന്റെ നിര്‍ദ്ദേശമനുസരിച്ച് ഞങ്ങള്‍ രാവിലെ 7.15 ന് കായംകുളം സെന്റ്‌.മേരീസ്‌ സ്കൂളില്‍ എത്തിയിരുന്നു. മോളുടെ അടുത്ത കൂട്ടുകാരിയായ ദിവ്യാ രാജും മത്സരത്തിനുണ്ടായിരുന്നു. ഭരതനാട്യവേദി കായംകുളം ഗേള്‍സില്‍ ആയിരുന്നെങ്കിലും , എല്ലാ ജില്ലകളുടെയും മല്‍സരം ഒരേ ദിവസമായതിനാല്‍ മേക്ക്‌ അപ് ചെയ്യുന്ന ആളുകളെ കിട്ടാതിരുന്നതിനാല്‍ മേക്ക്‌ അപ് മാന്‍റെ സൌകര്യമാനുസരിച്ചുള്ള സെന്റ്‌.മേരീസ്‌ സ്കൂളിലെക്കാണ് ഞങ്ങള്‍ പോയത്. അദ്ദേഹം എത്തിയത് 8.30 നും. ഭരതനാട്യം 9.30 ന് തുടങ്ങും എന്ന് പാര്‍ട്ടിസിപ്പന്‍റ്സ് കാര്‍ഡില്‍ ഉണ്ടായിരുന്നു എങ്കിലും പതിവുശീലം അനുസരിച്ച് പ്രോഗ്രാം തുടങ്ങുമ്പോള്‍ 11.30 എങ്കിലും ആകുമെന്ന വിചാരത്തില്‍ മേക്ക്‌ അപ് തുടങ്ങി. 10 മണി ആയപ്പോഴേക്കും ഗേള്‍സ്‌ സ്കൂളില്‍ നിന്നും കുട്ടിയുമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തണം എന്ന് ടീച്ചേഴ്സ് വിളിച്ചു പറയുമ്പോള്‍ കുട്ടികള്‍ പകുതി മേക്ക്‌ അപ് ആയതെ ഉള്ളൂ.

ടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്നപ്പോള്‍ പ്രോഗ്രാം കണ്‍വീനര്‍ സമ്മതിക്കുന്നില്ല. കുട്ടി തന്നെ ചെസ്റ്റ്‌ നമ്പര്‍ എടുക്കണം. ഒരുതരത്തില്‍ മേക്ക്‌ അപ് പൂര്‍ത്തിയാക്കി വേദിയിലേക്ക് എത്തുമ്പോള്‍ ആദ്യ മത്സരാര്‍ഥിയുടെ ചെസ്റ്റ്‌ നമ്പര്‍ വിളിക്കുകയാണ്. ഓടി രെജിസ്ട്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ സ്റ്റേജിന്‍റെ പുറകില്‍ ഇരുന്ന പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശകാര വര്‍ഷം തുടങ്ങി. കുഞ്ഞുങ്ങള്‍ കരഞ്ഞു കാലുപിടിച്ചു. ങ്ങേഹെ… ആ കംസന്റെ മനസ് ഒട്ടും അലിഞ്ഞില്ല. (ഓരോ മത്സരത്തിനും കുട്ടികള്‍ക്ക് ഭീമമായ ചിലവാണുള്ളത്.) അവസാനം അദ്ദേഹം DD യുടെ പെര്‍മിഷന്‍വേണം. പോയി വാങ്ങിക്ക് എന്നുപറഞ്ഞു കുട്ടികളെ ഇറക്കിവിട്ടു.രണ്ടുകുഞ്ഞുങ്ങളും , ഞങ്ങള്‍ രണ്ടു അമ്മമാരും, എസ്കോര്‍ട്ടിംഗ് ടീച്ചേഴ്സും DD ഓഫീസ്‌ തിരക്കിപിടിച്ച് അവിടെ ചെന്നു. അദ്ദേഹം വഴക്കുപറഞ്ഞെങ്കിലും ഞങ്ങളുടെ കണ്ണീരു കണ്ടു മനസലിഞ്ഞിട്ടു, പോയി ഞാന്‍ പെര്‍മിഷന്‍ തന്നു എന്ന് പറ. സാരമില്ല, അവര്‍ മത്സരിപ്പിക്കും എന്ന് പറഞ്ഞു. ഞങ്ങള്‍ വീണ്ടും പ്രോഗ്രാം നടക്കുന്ന വേദിയിലേക്ക് പാഞ്ഞു. അവിടെ ചെന്നപ്പോള്‍ ആ പഴയ കംസന്‍ വീണ്ടും ആര്‍ത്തട്ടഹസിക്കുകയാണ്. മത്സരിപ്പിക്കില്ല. “DD അല്ല, ദേവേന്ദ്രന്‍ വന്നാലും മത്സരിപ്പിക്കില്ല. ഇവിടെ നില്‍ക്കണ്ട, പുറത്തിറങ്ങ് “എന്നും പറഞ്ഞു വീണ്ടും പട്ടിയെ ആട്ടി ഇറക്കുന്നതുപോലെ കുഞ്ഞുങ്ങളെ ആട്ടിയിറക്കി.

ഞങ്ങള്‍ വീണ്ടും DDയുടെ അടുത്ത് ചെന്നു. അദ്ദേഹം പിന്നെയും നിങ്ങള്‍ ചെല്ല്, ഞാന്‍ ആളിനെ പറഞ്ഞു വിടാം എന്ന് പറഞ്ഞ് തിരിച്ചയച്ചു. വീണ്ടും കംസന്റെ പരാക്രമം. അപ്പോള്‍ ഇത് കണ്ട് വിഷമം തോന്നിയ ഒരു അദ്ധ്യാപകന്‍ ഞങ്ങളോടെ പ്രോഗ്രാം കമ്മിറ്റി മാനേജര്‍ ശ്രീ ബിജുവിനെ കാണാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടാം നിലയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. അദ്ദേഹം കംസന്റെ അച്ഛന്‍ ആയിട്ടു വരും. ഒരു കാരണവശാലും മത്സരിപ്പിക്കില്ല. മത്സരിപ്പിച്ചാല്‍ ബാക്കി കുട്ടികളുടെ പേരന്റ്സ് വഴക്കുണ്ടാക്കും എന്ന് ഇയാള്‍ പ്രഖ്യാപിച്ചു. കുഞ്ഞുങ്ങള്‍ വീണ്ടും DD ഓഫീസിലും വേദിയിലുമായി പരക്കം പായുകയാണ്. കുഞ്ഞുങ്ങള്‍ കളിക്കുന്നതിന് , മക്കളുള്ള ഒരാളും എതിര് പറയില്ല. അപ്പോഴേക്കും 11 മത്സരാര്‍ഥികള്‍ കഴിഞ്ഞു. കുഞ്ഞുങ്ങളെ ഇങ്ങനെ ഇട്ട് ഓടിക്കുന്നതുകണ്ട മീഡിയക്കാര്‍ അടുത്ത് വന്നു. ഞങ്ങള്‍ അപ്പോഴെല്ലാം പരിചയക്കാര്‍ വഴി, എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്ന് തിരക്കുന്നുണ്ടായിരുന്നു . എവിടുന്നൊക്കെ വിളി വന്നിട്ടും ഇവര്‍ വഴങ്ങുന്നില്ല. ചെയര്‍മാന്‍ DD യെ ഇതിനു കൂട്ടു നിന്നാല്‍ സമാധാനം പറയേണ്ടി വരും എന്ന രീതിയില്‍ ഭീഷിണി മുഴക്കി. DD ധര്‍മ്മ സങ്കടത്തിലായി. പ്രോഗ്രാം കമ്മറ്റി മെംബേര്‍സ് കൂടുതലും ഞങ്ങളോട് ആശ്വാസവാക്കുകളുമായി എത്തുന്നുണ്ടായിരുന്നു കുഞ്ഞുങ്ങളുടെ സങ്കടം കണ്ട് ആളുകള്‍ കൂടി. കളിപ്പിച്ചില്ല എങ്കില്‍ മീഡിയയുടെ മുന്നില്‍ പ്രതിഷേധ നൃത്തം അവതരിപ്പിക്കണം എന്ന തീരുമാനം ഉണ്ടായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പേരന്‍റ് ക്ഷമകെട്ട് DD ഓഫീസിലേക്ക് ചാടിക്കയറി. “നിങ്ങള്‍ കുട്ടികളെ മത്സരിപ്പിച്ചില്ല എങ്കില്‍ അവര്‍ കരയും. ബാക്കി മീഡിയ കൈകാര്യം ചെയ്തോളും” എന്ന് വളരെ ശാന്തമായി പറഞ്ഞു. അതോടെ ചര്‍ച്ചയായി. അവസാനം കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനമായി. ആ കുഞ്ഞുങ്ങള്‍ രണ്ടു മണിക്കൂറോളം അനുഭവിച്ച സങ്കടം പത്രക്കാര്‍ പലരും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ എന്ന മാനുഷിക പരിഗണന പോലും കൊടുക്കാതെ, എലിയെ തട്ടിക്കളിക്കുന്ന പൂച്ചയെ പോലെ ഇവരുടെ വിഷമം പരിഹാസചിരിയോടെ കണ്ടുനിന്ന ഈ സംഘാടകരെ എന്തുചെയ്യാനാണ്….
ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി സംസാരിച്ച ആ നല്ല മനുഷ്യരേയും, ഒപ്പം താങ്ങായി നിന്ന ചുനക്കര ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഷിജില ടീച്ചറിനേയും, കുട്ടികള്‍ക്കുവേണ്ടി കൂടെനിന്ന തുഷാര ടീച്ചറിനേയും നന്ദിയോടെ സ്മരിക്കുന്നു ..

shortlink

Related Articles

Post Your Comments

Related Articles


Back to top button