India

അതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ പ്രതിസന്ധി : ബി.എസ്.എഫ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ പ്രതിസന്ധിയെന്ന് ബി.എസ്.എഫ് റിപ്പോര്‍ട്ട്. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് ബി.എസ്.എഫ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതിനെക്കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബി.എസ്.എഫ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പത്താന്‍കോട്ടിന് സമീപമുള്ള ജമ്മുവിലെയും പഞ്ചാബിലെയും അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറിയതിന്റെ തെളിവുകള്‍ ഇല്ലെന്നാണ് ബി.എസ്എഫിന്റെ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്ഥാപിച്ച വേലികള്‍ക്ക് തകരാറുകള്‍ ഇല്ലെന്നും എന്നാല്‍ പലസ്ഥലങ്ങളിലും വേലികളില്‍ നിരവധി വിടവുകള്‍ ഉള്ളതായും പറയപ്പെടുന്നു.

നുഴഞ്ഞുകയറ്റം കണ്ടെത്താനായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തന രഹിതമാണ്. അതിര്‍ത്തിയിലെ സൈനിക പോക്കറ്റുകളില്‍ ആനപ്പുല്ലുകള്‍ നിരവധി വളര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇതിന് പിന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് മറഞ്ഞു നില്‍ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല നുഴഞ്ഞുകയറ്റം നിരീക്ഷിക്കാന്‍ സ്ഥാപിച്ചിട്ടുള്ള തെര്‍മല്‍ ഇമേജറുകളിലും റഡാറുകളിലും അസ്വഭാവികമായി ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നും ഇവയില്‍ ചിലതിന് സാങ്കേതിക പിഴവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ജൂലൈ 27ലെ ഗുരുദാസ്പൂരിലെ ഭീകരാക്രമണത്തിന് ശേഷം പത്താന്‍കോട്ട് സെക്ടറില്‍ ഒരു ബറ്റാലിയന് സൈനികരെ കൂടി സുരക്ഷക്കായി നിയോഗിച്ചിരുന്നതായും ബി.എസ്.എഫ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button