കണ്ണൂര്‍: വാട്‌സാപ്പും ഫേസ്ബുക്കും ടെക്‌നോളജി അതിവേഗം വളരുന്ന ഈ കാലത്ത് ഉപയോഗിക്കരുത് എന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. എന്തൊക്കെ നിര്‍ദ്ദേശം ഉണ്ടെങ്കിലും പലരും ഈ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി രംഗത്തെത്തുക പതിവാണ്. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിസമയത്ത് വാട്‌സാപ്പില്‍ കളിച്ചാല്‍ ഇനിമുതല്‍ സ്വയം ആപ്പിലാകും. അഴിമതിക്കാരെ പിടികൂടാന്‍ എത്തുന്ന വിജിലന്‍സ് നിങ്ങളെയും തേടി എത്തിയേക്കാം. സര്‍ക്കാര്‍ വിജിലന്‍സിനെ നിയോഗിച്ച് രംഗത്തെത്തിയിരിക്കുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ ഉഴപ്പന്മാരെ പിടികൂടാനാണ്.
വിജിലന്‍സ് വിഭാഗം ജോലിക്കിടെ വാട്‌സാപ്പിലും ഫേസ്ബുക്കിലും നീന്തിത്തുടിക്കുന്നവരെ വലയിലാക്കാന്‍ രംഗത്തിറങ്ങുന്നു. അധികം വൈകാതെ മൊബൈല്‍ ഫോണ്‍ പരിശോധന കൂടി വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തില്‍ തുടക്കമിട്ട ഓപ്പറേഷന്‍ ‘കിച്ചടി’യില്‍ ഉള്‍പ്പെടുത്തും. ഫോണ്‍ ഉപയോഗിക്കുന്നത് വിജിലന്‍സ് പരിശോധനയ്ക്ക് എത്തുന്ന വേളയില്‍ കണ്ടെത്തിയില്ലെങ്കിലും ജോലി സമയത്ത് ഉപയോഗിച്ചു എന്ന് വ്യക്തമായാല്‍ നടപടിയുണ്ടാവും. നേരത്തേതന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് മൊബൈല്‍ ഫോണുകളില്‍ സാമൂഹികമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നു സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളം വിജിലന്‍സ് സംഘം സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ജീവനക്കാരില്‍ പലരുടെയും പണി ആപ്പി’ലാണെന്നു കണ്ടെത്തി. ഇവര്‍ക്കെതിരെ മാത്രമല്ല, ഇതിനെ ഗൗരവത്തിലെടുക്കാത്ത ഉന്നതോദ്യോഗസ്ഥരുടെ പേരിലും ഇനി നടപടിയുണ്ടാവും. ജോലി മാറ്റിവച്ച് ആപ്പി’ല്‍ തലപൂഴ്ത്തിയിരിക്കുന്നവര്‍ക്കെതിരെ വകുപ്പുതല നടപടിക്കു പുറമേ പൊലീസ് കേസും വരും. രണ്ടായിരത്തോളം പരാതികളാണ് കഴിഞ്ഞ ആറു മാസത്തിനിടയ്ക്കു സര്‍ക്കാരിന് ലഭിച്ചത്. പരാതി കൂടുതലും വനിതാ ജീവനക്കാര്‍ക്കെതിരെയാണ്. സി.സി ടി.വി സംവിധാനം വഴി സ്വകാര്യ സ്ഥാപനങ്ങളില്‍ മിക്കയിടത്തും ഈ പണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിപിയും നേരത്തെ പൊലീസുകാരുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
Post Your Comments