News Story

നിരഞ്ജന്‍- ഈ ത്യാഗത്തിന് മുന്നില്‍ രാജ്യം നമിക്കുന്നു…

പാലക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ ഗ്രനേഡ് പൊട്ടി മരിച്ച ധീരജവാന്‍ പാലക്കാട്‌ സ്വദേശിയായ എന്‍.എസ്.ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാര്‍ (32) ഇനി ജ്വലിക്കുന്ന ഓര്‍മ. തെരച്ചിലിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്നും ഗ്രനേഡ്‌ മാറ്റുന്നതിന്‌ ഇടയിലാണ്‌ പൊട്ടിത്തെറി ഉണ്ടായത്‌. വ്യോമസേന താവളത്തില്‍ ഗ്രനേഡ്‌ പൊട്ടി മരിച്ചത്‌ മലയാളി ഉദ്യോഗസ്‌ഥനെന്ന്‌ കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിംഗ് ആണ് ഔദ്യോഗികമായി അറിയിച്ചത്.

ഭീകരരെ ചെറുക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിലായിരുന്നു മരണമെന്നും നിരഞ്‌ജന്‍ കുമാറിന്റെ ത്യാഗം രാജ്യം നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നുവെന്നും രാജ്‌നാഥ്‌ സിംഗ് അറിയിച്ചു.

പാലക്കാട് മണ്ണാർക്കാട് എളമ്പിലാശ്ശേരി കളരിക്കൽ ശിവരാജന്റെയും രാജേശ്വരിയുടെയും മകനാണ് നിരഞ്ജൻ. ഇവര്‍ കഴിഞ്ഞ 40 വര്‍ഷമായി ബംഗലൂരുവിലാണ് സ്ഥിരതാമസം. പാലാക്കാട്ടുള്ള കുടുംബവീട്ടിൽ നിരഞ്ജന്റെ പിതാവ് ശിവരാജന്റെ സഹോദരനാണ് താമസിക്കുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഓണത്തിനാണ് നിരഞ്ജന്‍ കുടുംബസമ്മതം നാട്ടിലെത്തിയത്. പുലാമന്തോള്‍ പാലൂര്‍ സ്വദേശി ഡോ. രാധികയാണ് ഭാര്യ. വിസ്മയ (രണ്ട് വയസ്) മകളാണ്. 2013 മാർച്ച് 31നായിരുന്നു ഇരുവരുടെയും വിവാഹം. മൂന്നു സഹോദരങ്ങളാണ് നിരഞ്ജന്. ശരത്, ശശാങ്കന്‍, ഭാഗ്യലക്ഷ്മി എന്നിവര്‍. ഇതില്‍ ശരത് വ്യോമസേനയില്‍ ജോലി നോക്കുന്നു. ശശാങ്കന്‍ ടി.എസി.എസില്‍ എന്‍ജിനീയറാണ്. ഭാഗ്യലക്ഷ്മി അധ്യാപികയാണ്.

2004 ലാണ് നിരഞ്ജന്‍ സേനയില്‍ ചേരുന്നത്. ആദ്യം ചെന്നൈയിലെ മിലിട്ടറി എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് ജോലി നോക്കിയിരുന്നത്. കമാന്‍ഡോ ആകാന്‍ മോഹിചച്ച് സൈന്യത്തില്‍ ചേര്‍ന്ന നിരഞ്ജന്‍ മൂന്ന് വര്‍ഷം മുന്‍പാണ്‌ ഡപ്യൂട്ടേഷനില്‍ എന്‍.എസ്.ജിയുടെ ഭാഗമായത്. കമാന്‍ഡോയായ ശേഷം ഡല്‍ഹി ദ്വാരകയിലാണ് നിരഞ്ജനും കുടുംബവും താമസിച്ചിരുന്നത്.

നിരഞ്ജന്റെ മൃതദേഹം ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തിക്കും. ഡല്‍ഹിയില്‍ നിന്ന് ബെംഗലൂരുവിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം ഭൗതികദേഹം പാലക്കാട്ടെത്തിക്കും. .സംസ്‌ക്കാരം നാളെ പാലക്കാട്ടെ കുടുംബ വീട്ടുവളപ്പില്‍ നടത്തും.എളമ്പുലാശേരിയിൽ പൊതുദർശനത്തിനുവയ്ക്കുമെന്ന് എം.ബി.രാജേഷ് എം.പി അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. മരണ വാര്‍ത്തയറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരഞ്ജന്റെ വീട്ടിലേക്ക് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

ഭീകരര്‍ക്കെതിരെയുള്ള നീക്കത്തില്‍ രണ്ടാമത്തെ മലയാളി എന്‍.എസ്.ജി കമാന്‍ഡോയാണ് നിരഞ്ജന്‍. മുംബൈ ഭീകരാക്രമണത്തില്‍ മലയാളിയായ എന്‍.എസ്.ജി കമാന്‍ഡോ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button