India

ഇന്ത്യയിലെ അതീവസുരക്ഷ വേണ്ട 20 വിമാനത്താവളങ്ങള്‍ക്ക് സുരക്ഷാസംവിധാനങ്ങളില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതീവസുരക്ഷ വേണ്ട 20 വിമാനത്താവളങ്ങളില്‍ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്ലെന്ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 27 വിമാനത്താവളങ്ങളില്‍ വ്യോമയാന സുരക്ഷയില്‍ പരിശീലനം ലഭിച്ച ഇന്ത്യയിലെ ഏകസേനയായ സി.ഐ.എസ്.എഫിന്റെ മേല്‍നോട്ടമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതീവ സുരക്ഷാ ഉപകരണങ്ങളുടെ അഭാവം വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സമീപ റോഡുകളിലുള്‍പ്പെടെ സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കുന്നത് ഡല്‍ഹിയിലും മുംബൈയിലും മാത്രമാണ്. ഇന്ത്യയില്‍ ആകെയുള്ള 98 വിമാനത്താവളങ്ങളില്‍ 26 എണ്ണമാണ് അതീവ സുരക്ഷ ആവശ്യപ്പെടുന്നത്. ഇതില്‍ 18 ഇടത്ത് മാത്രമാണ് സി.ഐ.എസ്.എഫ് സുരക്ഷയുള്ളത്. 56 എണ്ണം തീവ്ര സംവേദനക്ഷമമായത് എന്ന ഗണത്തിലാണ്. ഇതില്‍ 37 ഇടത്ത് സി.ഐ.എസ്.എഫുണ്ട്.

സാധാരണ വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള മറ്റ് 16 വിമാനത്താവളങ്ങളില്‍ നാലിടത്ത് മാത്രമാണ് സേനയുടെ സേവനമുള്ളൂ. ആറിടത്ത് നിഴല്‍ ഇല്ലാത്ത ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന സി.സി.ടി.വി സംവിധാനമില്ല. സി.സി.ടി.വി കവറേജ് ഇല്ലാത്ത 33 വിമാനത്താവളങ്ങളാണുള്ളത്. കോയമ്പത്തൂര്‍, ആഗ്ര, ഗ്വാളിയോര്‍, പോര്‍ബന്തര്‍, പോര്‍ട്ട്‌ബ്ലെയര്‍, ദിയു എന്നിവിടങ്ങളില്‍ ഡോഗ് സ്‌ക്വാഡ് പോലുമില്ലാത്ത സാഹചര്യമാണുള്ളത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കെ.ഡി സിംഗ് അധ്യക്ഷനായ ഗതാഗത, വിനോദസഞ്ചാര, സംസ്‌കാര സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button