അമ്പലപ്പുഴ: കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ഹൈഡ്രോളിക് മെഷീന് ഉപയോഗിച്ച് ഡ്രില്‍ ചെയ്യുന്നതിനിടയിൽ മണ്ണഞ്ചേരി സ്വദേശി മനോഹരന്റെ നെഞ്ചില്‍ ഇരുമ്പ് ചീള് തുളച്ചു കയറിയത്. നാലു സെ.മീ. നീളംവരുന്ന ആണിയാണ് തുളച്ചു കയറിയത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച മനോഹരനെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് ഇരുമ്പ് ചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തിയത്.
Also Read: നിപ: പി.എസ്.സി പരീക്ഷകള്‍ മാറ്റി
ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. അത്യാസന്ന നിലയിലായ മനോഹരനെ ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു മനോഹരൻ. കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. രതീഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇരുമ്പ് ചീള് പുറത്തെടുത്തത്.
ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അറുപത്തിയേഴുകാരനായ മനോഹരൻ. ഡോ. രതീഷിനുപുറമെ കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗത്തിലെ അസി. പ്രഫസര്‍മാരായ ഡോ. ആനന്ദക്കുട്ടന്, ഡോ. കെ.ടി. ബിജു, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിബി, ഡോ. വിമല്‍, നഴ്സുമാരായ വി. രാജി, എ. രാജലക്ഷ്മി, ടെക്നീഷ്യന് ബിജു എന്നിവരായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
Post Your Comments