KeralaLatest News

കയ്യിൽ പണമുണ്ടായിട്ടും ഭാര്യക്കായി ചികിത്സാപിരിവ് , മരിച്ചിട്ടും പിരിവ് തുടർന്ന് യുവാവ്: യുവതിയുടെ അച്ഛൻ പരാതി നൽകി

സിനിമകളിലെ വില്ലന്മാരെപ്പോലും വെല്ലുന്ന ഈ ചാരിറ്റി തട്ടിപ്പിനെതിരേ, മരിച്ച യുവതിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി.

കോട്ടയം: ഗർഭിണിയായ ഭാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോൾ, കൈയിൽ ആവശ്യത്തിന് പണമുണ്ടായിരുന്നിട്ടും സാമൂഹികമാധ്യമത്തിലൂടെ ലക്ഷങ്ങൾ പിരിച്ചു. ഭാര്യ മരിച്ചപ്പോൾ ആശുപത്രിക്കാരെ പറഞ്ഞുപറ്റിച്ച് മുഴുവൻ തുകയും നൽകാതെ മൃതദേഹം കൊണ്ടുപോയി. മരണവിവരം അറിയാതെ, വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന പഴയ പോസ്റ്റുകൾ കണ്ട് ആളുകൾ ഇപ്പോഴും അക്കൗണ്ടിലേക്കിടുന്ന പണം ഉപയോഗിച്ച് യുവാവ് സുഖമായി ജീവിക്കുന്നു.

സിനിമകളിലെ വില്ലന്മാരെപ്പോലും വെല്ലുന്ന ഈ ചാരിറ്റി തട്ടിപ്പിനെതിരേ, മരിച്ച യുവതിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. തിരുവല്ല സ്വദേശിനിയായ 30-കാരിയെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് മേയിലാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് നെഗറ്റീവായെങ്കിലും ഗർഭസ്ഥശിശു മരിച്ചു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതിനെത്തുടർന്ന് ജൂൺ 24-ന് യുവതിയും മരിച്ചു..

ഇതിനിടെ യുവതിയുടെ ഭർത്താവ് സാമൂഹികമാധ്യമത്തിലൂടെ ചികിത്സാസഹായം തേടി സന്ദേശമിട്ടു. 35 ലക്ഷത്തിലധികം രൂപ അക്കൗണ്ടിലേക്ക് ലഭിച്ചു. ആശുപത്രിയിൽ 26 ലക്ഷം രൂപയുടെ ബില്ലായി. ഏഴുലക്ഷം രൂപയോളം ബാക്കി അടയ്ക്കാനുണ്ടായിരുന്നിട്ടും യുവാവിന്റെ അഭ്യർഥനയെത്തുടർന്ന് ആശുപത്രിക്കാർ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചു.എന്നാൽ, ചികിത്സാസഹായത്തിനായി പ്രചാരണം നടത്തിയത് താനറിയാതെയാണെന്നും ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായതിനാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും മരിച്ച യുവതിയുടെ അച്ഛൻ പരാതിയിൽ പറയുന്നു.

നാല്‌ ലക്ഷത്തോളും രൂപ തന്റെ കൈയിൽനിന്ന്‌ വാങ്ങിയിരുന്നു. എത്ര തുക വേണമെങ്കിലും തരാമെന്ന് താൻ പറയുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കൈയിൽനിന്ന് ചികിത്സയ്ക്ക് യുവാവ് പണം വാങ്ങിയെന്നും പരാതിയിലുണ്ട്.യുവതിയുടെ വീട്ടിൽവെച്ചായിരുന്നു മരണാനന്തര ചടങ്ങുകൾ. ചടങ്ങുകൾക്കുശേഷം മരുമകൻ തങ്ങളുടെ വീട്ടിലേക്ക് വന്നിട്ടില്ല. മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വർണവും മടക്കിനൽകിയിട്ടില്ല.

യുവതി മരിച്ചതറിയാതെ, പഴയ ഫെയ്സ്ബുക്ക്, വാട്‌സാപ്പ് സന്ദേശങ്ങൾ കണ്ട് ആളുകൾ ഇപ്പോഴും പണം ഇടുന്നുമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവല്ല ഡിവൈ.എസ്.പി.ക്കാണ് ഓഗസ്റ്റ് 18-ന് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുള്ളത്.പരാതിയെത്തുടർന്ന് യുവാവ് ആശുപത്രിയിലെത്തി ബാക്കി തുകകൂടി അടച്ചു. പരാതിയിൽ പറയുന്ന സ്വർണം പണയംവെച്ചപ്പോൾ ലഭിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button