KeralaLatest NewsNews

യെമനിലെ ജയിലറയിൽ കഴിയുന്ന മലയാളി യുവതിയുടെ വധശിക്ഷ ഒഴിവാകുമോ? കുടുംബം ബ്ലഡ് മണി സ്വീകരിച്ചേക്കുമെന്ന് സൂചന

പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്.

കൊച്ചി: യെമനിലെ ജയിലറയിൽ കഴിയുന്ന മലയാളി യുവതിയുടെ വധശിക്ഷ ഒഴിവാക്കുമെന്ന പ്രതീക്ഷയിൽ പാലക്കാടിലെ ഒരുകുടുംബം. യെമൻ പൗരനെ കൊലപ്പെടുത്തി ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ ബന്ധുക്കൾ ബ്ലഡ് മണി സ്വീകരിക്കാൻ തയാറാകണം. അതേസമയം മോചനത്തിന് കോടതിയുടെ അനുകൂല തീരുമാനം കൂടി വേണ്ടിവരും. ആദ്യ ഘട്ടത്തിൽ മോചനം സാധ്യമായില്ലെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാനാണ് ശ്രമം. വധശിക്ഷ അപ്പീൽ കോടതി ശരിവച്ചിരുന്നു.

എന്നാൽ ബ്ലഡ് മണിയായി 20 ദിവസത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് ഇന്ത്യയിൽനിന്ന് നിമിഷയുടെ മോചനശ്രമങ്ങൾ ഏകോപിപ്പിക്കുന്ന സംഘത്തെ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സേവ് നിമിഷ പ്രവർത്തകർ. അതിനായി വാട്സാപ് ഗ്രൂപ്പുണ്ടാക്കി ലോകമെങ്ങുമുള്ള മലയാളികളുടെ സഹായം തേടുന്നുണ്ട്. നിയമപരമായി യെമൻ ഭരണകൂടവുമായി ഇടപെടാൻ സാധിക്കാത്തതും ലക്ഷ്യത്തിനു തിരിച്ചടിയാണ്.

Read Also: ഇനിയുള്ള നാളുകൾ സമാധാനത്തിന്റേത്, എത്ര മനോഹരമായിട്ടാണ് താലിബാൻ അഫ്‌ഗാൻ കീഴടക്കിയത്: മലയാളിയുടെ വാക്കുകൾ

നിമിഷപ്രിയയുടെ അപ്പീൽ പരിഗണിക്കുന്ന ക്രിമിനൽ പ്രത്യേക കോടതി ഇന്നലെ കേസ് പരിഗണിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സുപ്രീം കോടതിക്കു മാത്രമേ അപ്പീൽ പരിഗണിക്കാൻ സാധിക്കൂ എന്ന നിമിഷപ്രിയയുടെ അഭിഭാഷകന്റെ വാദത്തെ തുടർന്ന് കേസ് പരിഗണിക്കുന്നത് നിർത്തി വച്ചിട്ടുണ്ട്. കേസ് സുപ്രീം കോടതിയിലേക്കു റഫർ ചെയ്യാനുള്ള അഭ്യർഥന കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ ആറിന് കേസ് വീണ്ടും പരിഗണിക്കും.

അതേസമയം കൊലപാതകത്തിനു കൂട്ടുനിന്നതായി ആരോപിക്കപ്പെടുന്ന നഴ്സ് ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഹനാനും ജയിലിലാണ്. ജീവൻ രക്ഷിക്കണമെന്ന അഭ്യർഥനയുമായി നിമിഷപ്രിയ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെ കൊലപാതകത്തിനു നിർബന്ധിതയായെന്നാണ് നിമിഷപ്രിയ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button