സന: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം ചര്‍ച്ചകള്‍ക്കായി എംബസി ഉദ്യോഗസ്ഥര്‍ കണ്ടു. കൂടിക്കാഴ്ചയ്ക്കിടെ ശുഭാപ്തി വിശ്വാസമുണ്ടെന്നു നിമിഷ പറഞ്ഞു. എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം സാമൂഹിക പ്രവര്‍ത്തകനായ സാമുവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. ദയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുബാംഗങ്ങളുമായുള്ള ചര്‍ച്ചയും ആരംഭിച്ചു. അവര്‍ പറയുന്ന ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കുന്ന തലത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.
നേരത്തെ നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യെമന്‍ ഗോത്ര നേതാക്കളുമായി മധ്യസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. തമിഴ്നാട് സ്വദേശി സാമുവല്‍ ജെറോം, മലയാളികളായ ബാബു ജോണ്‍, സജീവ് എന്നിവരാണ് മധ്യസ്ഥ ചര്‍ച്ചക്കുള്ള ശ്രമങ്ങള്‍ നടത്തിയത്.
കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്. മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കള്‍ മുഖേനയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാകൂ. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരിച്ചയാളുടെ കുടുംബം മാത്രമല്ല കുടുംബ ഗോത്രവും മാപ്പ് നല്‍കണമെന്നാണ് യെമനിലെ സാഹചര്യം. 70 ലക്ഷം രൂപ മോചനദ്രവ്യം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.
ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അല്‍ ബെയ്ദ ഗവര്‍ണറേറ്റിലുള്ള തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ഇദ്ദേഹത്തിന്റെ ജേഷ്ഠനുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തടസം. അയല്‍രാജ്യമായ ജിബൂട്ടിയിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നത്. വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനോട് സഹായം അഭ്യര്‍ത്ഥിച്ച് കത്തയച്ചിരുന്നു.
യെമന്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണു നിമിഷയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. 2017 ജൂലൈ 25നാണ് നിമിഷ പ്രതിയായ കൊലപാതകം നടന്നത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ തലാല്‍ അബ്ദു മഹ്ദി എന്ന യെമന്‍ പൗരന്റെ സഹായം നിമിഷ തേടിയിരുന്നു. ക്ലിനിക്കിലെ പണം തലാല്‍ തട്ടിയെടുത്തതു ചോദ്യം ചെയ്തതു ശത്രുതയ്ക്കിടയാക്കി. പിന്നീട് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ ചമച്ച് മതാചാരപ്രകാരം വിവാഹം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചു.
പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുക, നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് നിമിഷ ഇരയായി. കൊലയ്ക്കു കൂട്ടുനിന്ന നഴ്‌സ് ഹനാന്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ സമര്‍പ്പിച്ച അപ്പീല്‍ ഓഗസ്റ്റ് 26ന് കോടതി ഫയലില്‍ സ്വീകരിച്ചു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. 90 ദിവസത്തിനകം നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷയ്ക്ക് എതിരെ ഇനി നിമിഷയുടെ അഭിഭാഷകര്‍ യെമന്‍ പ്രസിഡന്റ് അധ്യക്ഷനായ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന് മുന്നില്‍ വാദിക്കണം.
Post Your Comments