കണ്ണൂർ : ആര്‍.ടി ഓഫിസില്‍ അതിക്രമിച്ച് കടന്ന് കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റുചെയ്ത ഇ-ബുൾജെറ്റ് യൂട്യുബർമാരും സഹോദരങ്ങളുമായ എബിൻ, ലിബിൻ എന്നിവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ചുമത്തിയത് ഗുരുതര നിയമലംഘനങ്ങൾ ആയിരുന്നു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇ ബുൾ ജെറ്റിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇ-ബുൾജെറ്റ് ടീം ആംബുലൻസ് സയറനുമായി ടോൾ പ്ലാസയിലൂടെ ചീറി പാഞ്ഞതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ നിയമലംഘനം നടത്തിയതിന്റെ വീഡിയോകള്‍ ശേഖരിച്ച് നടപടിക്ക് ഒരുങ്ങുകയാണ് പോലീസും ഗതാഗത വകുപ്പും.
വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനില്‍ ഉള്‍പ്പെടുത്തിയ ലൈറ്റുകള്‍ രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ സോഷ്യൽ മീഡിയയിൽ വന്നു.
സോഷ്യൽ മീഡിയയിൽ നിയമ ലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Post Your Comments