ആംസ്റ്റര്‍ഡാം: 3ഡി പ്രിന്റില്‍ തയ്യാറാക്കിയ ആദ്യ ഉരുക്ക് പാലം തുറന്നു. നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. വെല്‍ഡിംഗ് ടോര്ച്ചുകള് ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങള്‍ കൊണ്ടാണ് പാലം പണികഴിപ്പിച്ചിരിക്കുന്നത്.
4500 കിലോ ഗ്രാം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. റോബോട്ടുകളെ ഉപയോഗിച്ച് ആറ് മാസം കൊണ്ടാണ് പാലം പണി പൂര്‍ത്തിയായത്. 12 മീറ്ററാണ് പാലത്തിന്റെ നീളം. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടിയാണ് പാലം തുറന്ന് നല്‍കിയത്. പ്രിന്റിംഗ് പൂര്‍ത്തിയായ പാലത്തില്‍ ഒരു ഡസനിലധികം സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സെന്‍സറുകള്‍ ആളുകള്‍ കടന്നുപോകുമ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന ആഘാതം, ചലനം, വൈബ്രേഷന്‍, താപനില എന്നിവ നിരീക്ഷിക്കും.
സെന്‍സറുകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന ഡേറ്റ പാലത്തിന്റെ ഡിജിറ്റല്‍ മോഡലിലേക്ക് നല്‍കും. മെറ്റീരിയലിന്റെ സവിശേഷതകള്‍ പഠിക്കാന്‍ എഞ്ചിനീയര്‍മാര്‍ ഈ മോഡല്‍ ഉപയോഗിക്കുകയും അറ്റകുറ്റപ്പണി അല്ലെങ്കില്‍ പരിഷ്ക്കരണം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഡേറ്റയിലെ ഏതെങ്കിലും ട്രെന്‍ഡുകള്‍ കണ്ടെത്തുന്നതിന് മെഷീന് ലേണിംഗ് ഉപയോഗിക്കുകയും ചെയ്യും. വലുതും സങ്കീര്‍ണ്ണവുമായ കെട്ടിട നിര്‍മ്മാണ പ്രോജക്റ്റുകള്‍ക്കായി 3ഡി പ്രിന്റഡ് സ്റ്റീല്‍ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കാന്‍ ഡിസൈനര്‍മാരെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.
Post Your Comments