ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. രാജ്യദ്രോഹനിയമം കൊളോണിയല്‍ നിയമം മാത്രമാണെന്നാണ് സുപ്രീംകോടതിയുടെ പരാമർശം. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.
രാജ്യദ്രോഹം കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഈ നിയമം ആവശ്യമാണോയെന്നതില്‍ പരിശോധന വേണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. മഹാത്മ ഗാന്ധിയേയും ബാലഗംഗാധര തിലകനേയും നിശബ്ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു.
രാജദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഹരജികള്‍ ഒരുമിച്ച് കേള്‍ക്കും. നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജ്യത്ത് രാജ്യദ്രോഹക്കുറ്റം പുതുമയല്ലാത്ത ഒന്നായി മാറുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
Post Your Comments