ഇടുക്കി: കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ പതിനാലുകാരി ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കുമളി മുൻ എസ്ഐക്കും രണ്ട് ഗ്രേഡ് എസ്ഐമാർക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
Read Also: സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം വര്‍ധിക്കുന്നു: ഏറ്റവും കൂടുതല്‍ കേസുകള്‍ ഈ ജില്ലയില്‍
ഇടുക്കിയിൽ രാജസ്ഥാൻ സ്വദേശിനിയായ പതിനാലുകാരിയുടെ തൂങ്ങിമരിച്ച കേസ് അന്വേഷിച്ചതിൽ വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇക്കഴിഞ്ഞ നവംബർ പതിനാലിനാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയെങ്കിലും കാര്യമായ കേസന്വേഷണം നടന്നില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടിയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ പോലീസ് മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും അമ്മയുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം അന്വേഷണത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്റ്റേഷൻ മാറിപ്പോയതാണ് അന്വേഷണം നിലയ്ക്കാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Post Your Comments