കൊച്ചി : കിടപ്പിലായവർക്കും വീടിന് പുറത്തുപോകാൻ സാധിക്കാത്ത മുതിർന്ന പൗരന്മാർക്കും വീടുകളിൽ വാക്സിൻ എത്തിച്ച് നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മുതിർന്ന പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് സമയബന്ധിതമായി സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിലും ആവശ്യമായ നിർദ്ദേശം സർക്കാർ പത്ത് ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Read Also : പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി അറസ്റ്റില്
അഭിഭാഷകർക്കും വാക്സിനേഷന് മുൻഗണന നൽകണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നം കോടതി സ്വമേധയാ കണക്കിലെടുത്തത്. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയും ക്ലാർക്കുമാരെയും കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ജുഡിഷ്യൽ ഓഫീസർമാർക്കും കോടതി ജീവനക്കാർക്കുമൊപ്പം ഇവരെയും ഉൾപ്പെടുത്തണം.
പാലക്കാട് കൊവിഡ് ബാധിച്ച മുതിർന്ന പൗരന്മാരിലൊരാൾ പരിചരണം കിട്ടാതെ മരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഒറ്റയ്ക്ക് കഴിയുന്നവർക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന് സഹജഡ്ജ് എ.കെ. ജയശങ്കരൻ നമ്പ്യാർ ശ്രദ്ധയിൽപ്പെടുത്തിയത് കോടതി പരാമർശിച്ചു. എറണാകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ മാതാവിന്റെ കാര്യങ്ങൾ ജനമൈത്രി പൊലീസ് തിരക്കുന്നതും ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പക്ഷേ ഇത്തരമൊരു അന്വേഷണം സംസ്ഥാനമൊട്ടാകെ നടക്കുന്നില്ല. ഇത് ഉറപ്പാക്കാനാണ് ഓരോസ്റ്റേഷൻ പരിധിയിലെയും മുതിർന്ന പൗരന്മാരുടെ ലിസ്റ്റ് തയ്യാറാക്കാൻ നിർദേശിച്ചത്.
അതേ സമയം കിടപ്പിലായവർക്കും മുതിർന്ന പൗരന്മാർക്കും വീടുകളിലെത്തി വാക്സിൻ നൽകണമെന്ന നിർദ്ദേശം പരിഗണനയിലുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
Post Your Comments