ഖത്തറിൽ നിന്ന് ഇന്ത്യക്ക് സഹായവാഗ്ദാനം. ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനിയായ ഗസാൽ ക്യു.എസ്.സി ആണ് 60 മെട്രിക് ടൺ ദ്രവീകൃത ഓക്സിജൻ ഇന്ത്യക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തത്. രാജ്യത്ത് ഓയിൽ ആൻറ് ഗ്യാസ് മേഖലയിലും, മറ്റ് വ്യാവസായിക മേഖലകളിലും ഓക്സിജൻ ഉൽപാദിപ്പിക്കുന്ന കമ്പനിയാണിത്. കമ്പനിയുടെ റാസ്ലഫാനിലെയും ഉംസെയ്ദിലെയും പ്ലാൻറുകളിൽ നിന്ന് ഇന്ത്യക്കായി ഓക്സിജൻ നൽകാമെന്നാണ് വാഗ്ദാനം.
ദിവസേന 60 മെട്രിക് ടൺ നൽകാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ഖത്തറിലെ മുൻ ഇന്ത്യൻ അംബാസഡർ സജ്ഞീവ് അറോറ തൻെറ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കി. അതേസമയം ഓക്സിജൻ കൊണ്ടുപോകാനുള്ള പ്രത്യേക ക്രയോജനിക് ടാങ്കുകൾ ഇന്ത്യ അയക്കണമെന്നും കമ്പനി സൂചിപ്പിച്ചു. 180 ഡിഗ്രി ശീതീകരണ സംവിധാനമുള്ള ടാങ്കുകൾ വിമാനത്തിൽ അയക്കാം. പ്ലാൻറിൽ നിന്ന് ഓക്സിജൻ നിറച്ച് കപ്പൽ മാർഗം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് എത്തിക്കാനും സാധിക്കും.
ക്രയോജനിക് ടാങ്കുകൾ അയക്കാനായി നടപടികൾക്കായി കേന്ദ്രമന്ത്രി വി.കെ സിങുമായി ഇന്ത്യൻ കൾച്ചറൽ സെൻറർ മുൻ പ്രസിഡൻറ് ഗിരീഷ് കുമാർ ബന്ധപ്പെട്ടിരുന്നു. എന്നാൽ നിലവിൽ ക്രയോജനിക് ടാങ്കുകൾ ലഭ്യമല്ലെന്ന വിവരമാണ് ഒടുവിൽ ലഭിച്ചിരിക്കുന്നത്.
Post Your Comments