കണ്ണൂര്‍: പാനൂർ മന്‍സൂര്‍ വധക്കേസിൽ പ്രതികരണവുമായി സിപിഎം. ദൗര്‍ഭാഗ്യകരവും ഒറ്റപ്പെട്ടതുമായ സംഭവം ചൂണ്ടിക്കാട്ടി മുസ്ലിംലീഗുകാര്‍ സംസ്ഥാന വ്യാപകമായി കൊടിയ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സിപിഎം. പൂര്‍ണ സമാധാനം നിലനില്‍ക്കുന്ന വിദൂര പ്രദേശങ്ങള്‍പോലും സങ്കുചിത ലക്ഷ്യംവച്ച് ആയുധങ്ങള്‍ ചുഴറ്റി കലാപകലുഷിതമാക്കുന്നുമുണ്ടെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിലൂടെ സിപിഎം അഭിപ്രായപ്പെടുന്നു.
എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തുടങ്ങി വോട്ടെടുപ്പ് ദിനത്തില്‍ തുടര്‍ന്ന് മന്‍സൂറിന്റെ വിലാപയാത്ര മറയാക്കി അതിരുവിട്ട കൊലവിളിയും അതിക്രമപരമ്ബരകളും ഇനിയും അവസാനിപ്പിച്ചിട്ടില്ല. സിപിഐ എം– എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ പലയിടത്തും കമ്ബിപ്പാരകളും മഴുവും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് തല്ലിപ്പൊളിച്ച് അഗ്നിക്ക് ഇരയാക്കി. തെരഞ്ഞെടുപ്പിനുശേഷം കലാപമുണ്ടാക്കാന്‍ രഹസ്യകേന്ദ്രത്തില്‍ ശേഖരിച്ചുവച്ചതില്‍നിന്ന് വന്‍തോതില്‍ ഇറക്കിയ ഡീസല്‍ഫില്‍ട്ടറുകള്‍ ഉപയോഗിച്ചായിരുന്നു പ്രത്യേക രീതിയിലുള്ള തീയിടലുകളെന്നത് മികച്ച ആസൂത്രണത്തിന്റെ തെളിവാണെന്നും സിപിഎം ആരോപിക്കുന്നു.
Read Also: ഒടുവിൽ ചോദ്യം ചെയ്യൽ; ഡോളർക്കടത്ത് കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു
ഏതു തരത്തിലുള്ള പ്രകോപനമുണ്ടായാലും ഒരുസംഭവവും മനുഷ്യഹത്യയിലേക്ക് എത്തരുതെന്നതാണ് സിപിഐ എം നിലപാട്. ഒരു ജീവനും നഷ്ടമാകരുത്. കൊലപാതകം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാനാകില്ല. 2016 മെയ് 25ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞത് ഏറെ ആശ്വാസകരമായിരുന്നു. സ്വന്തം പ്രവര്‍ത്തകരെ അരുംകൊല ചെയ്യുമ്പോഴും സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ മനസ്സ് തുറന്ന ചര്‍ച്ചയ്ക്കും കൂടിയാലോചനയ്ക്കും വിട്ടുവീഴ്ചയ്ക്കും പാര്‍ടി എല്ലായ്പ്പോഴും സന്നദ്ധമായിട്ടുമുണ്ടുട്ടെന്നും മുഖപ്രസംഗത്തിലൂടെ ചൂട്ടിക്കാട്ടുന്നു.
സമാധാനചര്‍ച്ചയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. പകരം സമുന്നത സിപിഐ എം നേതാക്കളുടെയും ചില മുസ്ലിം സാമൂഹ്യ സംഘടനകളുടെയും പേരെടുത്തുവിളിച്ച് മുസ്ലിംലീഗ്– യൂത്ത്ലീഗ് നേതാക്കള്‍ പരസ്യമായ കൊലവിളി പ്രസംഗങ്ങളാണ് നടത്തുന്നത്. റമദാന് കഴിഞ്ഞാല്‍ ഒന്നിന് നൂറായി പകരംവീട്ടുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ പ്രകോപന മുദ്രാവാക്യങ്ങളുമുണ്ടായി. ഇത്തരം അതിക്രമ ഭാഷ അടിയന്തരമായി ഉപേക്ഷിച്ച് തീക്കളി അവസാനിപ്പിക്കാന്‍ മുസ്ലിംലീഗുകാര്‍ തയ്യാറാകണം. അതിന് ആ പാര്‍ടിയുടെ നേതൃത്വം മുന്‍കൈ എടുക്കേണ്ടതുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു.
Post Your Comments