കോട്ടയം : ഡല്‍ഹിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ ഉച്ചയോടെ അറിയാനാവും. നേമത്തെ സ്ഥാനാര്‍ത്ഥിയെയും കുറച്ച് സമയത്തിനുള്ളില്‍ അറിയാനാവും. കെ മുരളീധരന് നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നല്കിയാല് മറ്റ് എംപിമാര്‍ പ്രശ്നം ഉണ്ടാക്കില്ല. ഒരു എംപിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇളവുകള്‍ നല്കാവുന്നതേയുള്ളൂ. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് വാര്‍ത്ത നല്കിയാല് ചിലപ്പോള്‍ തെറ്റിയെന്നിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇതുവരെ താന്‍ ഒരു മണ്ഡലത്തില്‍ മാത്രമേ മത്സരിച്ചിട്ടുള്ളൂ. ഇനിയും അങ്ങിനെ തന്നെയായിരിക്കും. തനിക്ക് മുകളില്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ഇല്ല. എന്തുണ്ടായാലും തന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ലതിക സുഭാഷ് തികച്ചും സ്ഥാനാര്‍ത്ഥിത്വം അര്‍ഹിക്കുന്ന നേതാവാണ്. അവരെ നേതൃത്വം എല്ലാ തരത്തിലും പരിഗണിച്ചിട്ടുണ്ട്. തന്നെ മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടന്നതായുള്ള കെ സി ജോസഫിന്റെ പ്രസ്താവന തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Post Your Comments