തിരുവനന്തപുരം: പിണറായി സർക്കാരിനെ വെല്ലുവിളിച്ച് ഖാദി ബോര്‍ഡ്. ധനവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഖാദി ബോര്‍ഡ് സെക്രട്ടറി സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. 500 കോടി രൂപയുടെ കാഷ്യൂ കോര്പ്പറേഷന് അഴിമതി കേസിലെ ഒന്നാംപ്രതി കെഎ രതീഷാണ് സര്‍ക്കാരിനെ പോലും വെല്ലുവിളിച്ച് സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.
ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ രതീഷിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ശുപാര്‍ശ ധനവകുപ്പ് നിരസിച്ചു. ശമ്പളം വര്‍ധിപ്പിക്കാനുള്ള ഫയല്‍ പിടിച്ചുവെച്ചു. ഇതിന് ബദലായാണ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ഇതിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചു. 1.75,000 രൂപയായിട്ടാണ് ശമ്പളം വര്‍ധിപ്പിച്ചത്. ശമ്പള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുത്തു.
അതേസമയം നേരത്തെ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. രതീഷ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്, കരാറുകാരന് ജയ്മോന് ജോസഫ് എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. മേയ് 12ന് ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. രതീഷിനെതിരേയുള്ള കുറ്റപത്രം കോടതി അംഗീകരിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments