ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടി രൂപ. ക്ഷേത്ര നിർമ്മാണത്തിനായി ആരംഭിച്ച 44 ദിവസം നീണ്ടുനിന്ന ധനസമാഹരണ യജ്ഞം അവസാനിച്ചതായും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ക്ഷേത്ര സമുച്ചയം നിര്‍മ്മിക്കുന്നതിനായി 1100 കോടി രൂപയാണ് ട്രസ്റ്റ് കണക്കാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ആയിരം കോടി അധികം ലഭിച്ച സന്തോഷത്തിലാണ് ട്രസ്റ്റ് അംഗങ്ങള്‍ ഇപ്പോള്‍.
രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ നിന്നു പോലും ജനം ഇരു കൈയ്യും നല്‍കിയാണ് ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തികളില്‍ പങ്കാളികളാവാന്‍ മുന്നോട്ട് വന്നത്. ഹിന്ദുസമുദായത്തിന് പുറത്തുള്ളവരും ക്ഷേത്രനിര്‍മ്മാണത്തിനായി ഉദാരമായി സംഭാവന ചെയ്തിരുന്നു. കറന്‍സിക്ക് പുറമേ സ്വര്‍ണം, വെള്ളി എന്നീ രൂപത്തിലും സംഭാവനകള്‍ അയോദ്ധ്യയിലേക്ക് പ്രവഹിച്ചിരുന്നു. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ ഇനിയും വെള്ളി ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യരുതെന്ന് ട്രസ്റ്റിന് ഭക്തരോട് അപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
വെള്ളിക്കട്ടകള്‍ സൂക്ഷിക്കുവാന്‍ ലോക്കറുകളില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.ജനുവരി 15നാണ് വിശ്വ ഹിന്ദു പരിഷതിന്റെ നേതൃത്വത്തിൽ ശ്രീറാം മന്ദിർ നിധി സമർപ്പൺ യജ്ഞം ആരംഭിച്ചത്. അതേസമയം കണക്കാക്കിയതിലും അധികമായി ലഭിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്. അയോദ്ധ്യ നഗരിയുടെ വികസനത്തിനായി ഉപയോഗിക്കണമെന്നും, അതല്ല സീതാദേവിയുടെ പേരില്‍ സംസ്കൃത സര്‍വ്വകലാ ശാല നിര്‍മ്മിക്കണമെന്നും അഭിപ്രായമുണ്ടായിട്ടുണ്ട്.
അയോധ്യയിലെ തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ ഈ പണം ഉപയോഗിക്കണമെന്ന അഭിപ്രായമാണ് ഹനുമാന് ഗാരി ക്ഷേത്ര പുരോഹിതന് മഹാന്ത് രാജു ദാസിനുള്ളത്.ഭക്തര്‍ സംഭാവന ചെയ്യുന്ന പണം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേക പരിഗണനയാണ് ട്രസ്റ്റ് നല്‍കിയിരിക്കുന്നത്.
Post Your Comments