കോട്ടയം: സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ എത്തിനില്‍ക്കെ പ്രശ്നം പരിഹരിക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എത്തും. 23ന് പവാര്‍ ഇരു പക്ഷത്തെ നേതാക്കളുമായി ചര്‍ച്ച നടത്തും. പക്ഷെ, പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന ഉറച്ച നിലപാടിലാണ് മാണി സി. കാപ്പന് എംഎല്‍എ. കാപ്പനെ എങ്ങനെ അനുനയിപ്പിക്കുമെന്ന് വ്യക്തമല്ല.
എന്നാൽ ജോസ് കെ. മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തുകയും പിടിമുറുക്കുകയും ചെയ്തതോടെ മുന്നണിയിലും അതൃപ്തി രൂക്ഷമായിട്ടുണ്ട്. കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് ലഭിക്കുന്ന മുന്‍ഗണനയില്‍ സിപിഐക്ക് കടുത്ത എതിര്‍പ്പുണ്ട്. പക്ഷെ നിസഹായരാണ്. സഹിച്ചു നില്ക്കുക മാത്രമാണ് അവര്‍ക്കു മുന്നിലുള്ള പോംവഴി. എന്‍സിപിയും അതേ അവസ്ഥയിലാണ്. ആളും അര്‍ഥവും ഇല്ല, നേതാക്കള്‍ മാത്രമേയുള്ളുവെങ്കിലും കാലങ്ങളായി സിപിഎമ്മിനൊപ്പം മുന്നണിയിലുള്ളവരാണ് എന്‍സിപി. സിപിഎമ്മിന്റെ തല്ലും തൊഴിയുമെല്ലാമേറ്റ് കഴിയുകയാണെങ്കിലും അവര്‍ക്കും തത്കാലം വേറെ വഴിയില്ല.
കെ.എം. മാണി അന്തരിച്ച ശേഷം പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി യുഡിഎഫില്‍ നിന്ന് സീറ്റ് പിടിച്ചെടുത്തയാളാണ് കാപ്പന്. ആ പ്രതിഛായയില്‍ വീണ്ടും ജയമുറപ്പെന്ന് വിശ്വസിച്ച് നില്‍ക്കുമ്പോഴാണ് ജോസ് കെ. മാണിയുടെ വരവ്. പാലാ സീറ്റ് തങ്ങള്‍ക്കു തന്നെയെന്ന് ഉറപ്പിച്ചാണ് ജോസ് എല്‍ഡിഎഫില്‍ കാലു കുത്തിയതു തന്നെ. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്കും മാണി സി. കാപ്പനും ലഭിക്കില്ലെന്ന് വ്യക്തമായി. ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസിലായ കാപ്പന് യുഡിഎഫില്‍ ചേരാന്‍ ഒരുങ്ങുകയാണ്.
Read Also: കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തു; 8 ലക്ഷം തൊഴില്‍ അവസരങ്ങളുമായി ബജറ്റ്
പാലാ സീറ്റ് കാപ്പന് നല്‍കാമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വാക്കു നല്‍കിയിട്ടുമുണ്ട്. അങ്ങനെ കാപ്പന് യുഡിഎഫിന്റെ വിളി കാത്തു നില്‍ക്കുകയാണ്. ഈ നീക്കത്തെ പീതാംബരന് മാസ്റ്ററും എ.കെ. ശശീന്ദ്രനും അനുകൂലിക്കുന്നില്ല. മന്ത്രി എ.കെ. ശശീന്ദ്രന്റെ എലത്തൂര്‍ മണ്ഡലം സിപിഎം തട്ടിയെടുക്കുമെന്ന ആശങ്കയും പാര്‍ട്ടിയിലുണ്ട്. തര്‍ക്കം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് 23ന് പവാര്‍ വരുന്നത്. ജില്ലാ നേതാക്കള്‍ അടക്കമുള്ളവരോട് ചര്‍ച്ച ചെയ്ത് പവാര്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് പീതാംബരന് മാസ്റ്റര്‍ പറയുന്നത്.
Post Your Comments