കോട്ടയം : രണ്ടര മണിക്കൂറോളം നാടിനെ വിറപ്പിച്ച പോത്തിനെ മെരുക്കാന്‍ അവസാനം എരുമയെ ഇറക്കി. കോട്ടയം കോതനല്ലൂര്‍ കുഴിയഞ്ചാലിലാണ് സംഭവമുണ്ടായത്. ഇതര സംസ്ഥാനത്ത് നിന്ന് ലോറിയിലാണ് കശാപ്പ് തൊഴില്‍ ചെയ്യുന്ന ജോയി എന്ന വ്യാപാരി പോത്തുകളെ എത്തിച്ചത്. കശാപ്പ് ശാലയിലെത്തി ലോറിയില്‍ നിന്ന് ഇവയെ ഇറക്കുന്നതിനിടയില്‍ ഒരു പോത്ത് വിരണ്ട് റോഡിലൂടെ ഓടുകയായിരുന്നു.
പോത്ത് വിരണ്ടോടിയതോടെ പിടിയ്ക്കാനായി തൊഴിലാളികളും പിന്നാലെ ഓടി. പോത്ത് വിരണ്ടോടി വരുന്നത് അറിഞ്ഞതോടെ പലരും റോഡുകളില്‍ നിന്നും സമീപത്തെ കടകളില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവം ഗുരുതരമായതോടെ കടുത്തുരുത്തിയില്‍ നിന്നും അഗ്നിശമന സേനയും സ്ഥലത്ത് എത്തി. പോത്തിനെ പിടികൂടാന്‍ കശാപ്പ് തൊഴിലാളികളും അഗ്നിശമന സേനയും കിണഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അപ്പോഴേക്കും പോത്ത് കുഴിയഞ്ചാലില്‍ നിന്നും പാറേല്‍ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങിയിരുന്നു. ഗത്യന്തരമില്ലാതെ പോത്തിനെ മെരുക്കാന്‍ കോതനല്ലൂരില്‍ നിന്നും ലോറിയില്‍ ഒരു എരുമയെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് എരുമയെ പോത്തിന് അരികിലേക്ക് അഴിച്ചു വിട്ടു. എരുമയെ കണ്ടതോടെ ശാന്തനായ പോത്ത് അതിന്റെ പിന്നാലെ കൂടിയ സമയത്ത് പോത്തിനെ പിടിച്ചു കെട്ടുകയായിരുന്നു.
Post Your Comments