തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിച്ചടി നേരിട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫലം പുറത്തു വന്നതിന് ശേഷം ഇത് ആദ്യമായാണ് മുരളീധരൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിക്ക് കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു. എന്നാൽ ലക്ഷ്യം നേടാൻ സാധിച്ചില്ല. എങ്കിലും ബി ജെ പിക്ക് മാത്രമാണ് തെരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.
സി പി എമ്മിന് കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്തത്. അതിനാൽ ജനവിധിയിൽ സി പി എമ്മിന് ആശ്വസിക്കാൻ ഒന്നുമില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ബി ജെ പിയെ തോൽപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിലെ സാഹചര്യങ്ങളാണ് കൂടുതലായി പ്രതിഫലിച്ചത്.അതിനാൽ ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള ബി ജെ പി നേതാക്കളുടെ വിമർശനത്തെ കുറിച്ച് അറിയില്ലെന്നും മുരളീധരൻ പ്രതികരിച്ചു. ഒപ്പം സംസ്ഥാന നേതൃത്വത്തിന് എതിരെയുള്ള ഒ രാജഗോപാലിന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments