ന്യൂ ഡൽഹി: എസ്എന്‍സി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടതിനെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും വേഗം തീര്‍പ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് അന്തിമവാദത്തിനുള്ള തീയതി കോടതി നിശ്ചയിക്കുമോയെന്നാണ് അറിയാനുള്ളത്. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേള്ക്കുക.
രണ്ട് തരം ഹര്‍ജികളാണ് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്കിയ അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികള്‍ നല്കിയ ഹര്‍ജികളാണ് രണ്ടാമത്തേത്. രണ്ട് ഹര്‍ജികളും മൂന്ന് വര്‍ഷമായി കോടതിയില്‍ കെട്ടിക്കിടക്കുകയാണ്.
2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
സി.ബി.ഐയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ അന്തിമ വാദത്തിനുള്ള തീയതി കോടതി ഇന്ന് നിശ്ചയിച്ചേക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ നിലയില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത് വരെ ഹര്‍ജികളില്‍ വാദം കേള്‍ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ആര്.ശിവദാസന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും.
Post Your Comments