Latest NewsNewsBusiness

ഇന്ത്യയില്‍ വന്‍മാറ്റത്തിന് മൈക്രോ എടിഎം: റാപ്പിപേ

കൊച്ചി: ധനകാര്യ സാങ്കേതികവിദ്യ കമ്പനിയായ റാപ്പിപേ ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം ശൃംഖല സ്ഥാപിക്കും. ബാങ്കിംഗ് ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കറസ്‌പോണ്ടന്റ്‌സ് സേവനം ലഭ്യമാക്കുന്നതിന് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് റീട്ടെയില്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം മൈക്രോ എടിഎമ്മുകള്‍ വിന്യസിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് റാപ്പിപേ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ യോഗേന്ദ്ര കശ്യപ് അറിയിച്ചു. പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 25000 മൈക്രോ എടിഎമ്മുകളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. ഗ്രാമീണ മേഖലയിലും രണ്ടും മൂന്നു നിര നഗരങ്ങളിലും എടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ വന്‍മാറ്റത്തിന് മൈക്രോ എടിഎമ്മുകളുടെ വരവ് വഴിതെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാരമ്പര്യ എടിഎമ്മുകളില്‍നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും റാപ്പിപേ മൈക്രോ എടിഎമ്മുകളില്‍നിന്നും ലഭിക്കും. കമ്പനിയുടെ റാപ്പിപേ സാത്തി സ്റ്റോറുകളില്‍ മൈക്രോ എടിഎം സേവനത്തിനു പുറമേ മണി ട്രാന്‍സ്ഫര്‍, ബില്‍ പേമെന്റ്, നികുതിയടയ്ക്കല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമാണെന്നും കശ്യപ് അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ ഗ്രാമീണ മേഖലയിലുള്ളത് വെറും 19 ശതമാനം മാത്രമാണ്. എന്നാല്‍ ജനസംഖ്യയുടെ 63 ശതമാനവും ഗ്രാമീണ മേഖലയിലാണ് താമസിക്കുന്നത്.

എന്‍ബിഎഫ്‌സി കമ്പനിയായ ക്യാപിറ്റല്‍ ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡിന്റെ (സിഐഎഫ്എല്‍) ഫിന്‍ടെക് അനുബന്ധ കമ്പനിയാണ് റാപ്പിപേ.

shortlink

Post Your Comments


Back to top button