കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചു. ശ്രീറാം ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായതിനാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചു ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ വിചാരണവേളയില്‍ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.
ലാബുകളിലെ കോവിഡ് പരിശോധനയുടെ മേല്‍നോട്ടമായിരുന്നു ശ്രീറാമിന് ആദ്യം നല്‍കിയത്. ഇപ്പോള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ്. കോവിഡ് കാലമായതിനാലാണു ഡോക്ടറായ ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ നിയമിച്ചതെന്നാണു സര്‍ക്കാര്‍ വിശദീകരണം.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ റിപ്പോര്‍ട്ടുകളും മൊഴികളും കേസില്‍ നിര്‍ണായകമാണ്. ശ്രീറാം ഓടിച്ച കാര്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതായും ഡ്രൈവിങ് സീറ്റിലിരിക്കുമ്ബോഴുണ്ടായ പരുക്കുകളാണു ശ്രീറാമിനുള്ളതെന്നും മെഡിക്കല്‍ കോളജ് ന്യൂറോ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. രക്തം എടുക്കാന്‍ ശ്രീറാം വിസമ്മതിച്ചതായി സ്വകാര്യ ആശുപത്രിയിലെ നഴ്സും പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ അപകടം നേരിട്ടു കണ്ടവരുടെ മൊഴികളുമുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നത പദവിയിലിരിക്കുമ്ബോള്‍ സ്വാധീനം ഉപയോഗിച്ച് കേസ് അനുകൂലമാക്കാന്‍ ശ്രീറാം ശ്രമിക്കുമെന്നു ബഷീറിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ആശങ്കയുണ്ട്.
ബഷീര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്ബോഴും വിചാരണ പോലും തുടങ്ങിയിട്ടില്ല. കേസ് പരമാവധി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണ് ഒന്നാംപ്രതി ശ്രീറാമിന്റെയും രണ്ടാംപ്രതി വഫയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 2 പ്രാവശ്യം സമന്‍സ് അയച്ചിട്ടും പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. കോടതിക്ക് അടുത്ത് സെക്രട്ടേറിയറ്റിലുണ്ടായിട്ടും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ശ്രീറാം ഹാജരാകാതിരുന്നത്. മജിസ്ട്രേറ്റ് കോടതി മൂന്നില്‍നിന്നു വിചാരണ നടപടികള്‍ക്കായി പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു കേസ് വിടണമെങ്കില്‍ പ്രതികള്‍ കോടതിയില്‍ ഹാജരായി അവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കണം.
2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെയാണ് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. ബഷീറിന്റെ മരണം നടന്ന ദിവസംതന്നെ കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടന്നു. അപകടം നടന്ന് 9 മണിക്കൂറിനുശേഷമാണു ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടന്നില്ലെന്ന വിവരം പുറത്തറിയുന്നത്. പിന്നീട് പരിശോധന നടത്തിയെങ്കിലും മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വാഹനമോടിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മാധ്യമ വാര്‍ത്തകള്‍ക്കൊടുവിലാണു ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
ഫെബ്രുവരി ഒന്നിനു പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 20നു ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ജൂലൈ 21നു കോടതി കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാമും വഫയും ഹാജരായില്ല. പ്രതികള്‍ സെപ്റ്റംബര്‍ 16നു നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
Post Your Comments