തിരുവനന്തപുരം: സംസ്ഥാനം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലേയ്ക്കാണ് പോകുന്നത്. വരുംദിവസങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്ന കേന്ദ്രകാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത് അതിതീവ്രമഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടര്‍ന്ന് മുന്നൊരുക്കങ്ങളുമായി കെ.എസ്.ഇ.ബി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും മഴ സംസ്ഥാനത്ത് സൃഷ്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം വലിയ തോതിലുള്ള തയ്യാറെടുപ്പുകളാണ് കെ.എസ്.ഇ.ബി നടത്തിയത്.
സംസ്ഥാനത്തെ എല്ലാ ഡാമുകള്‍ക്കും പ്രത്യേക പ്രോട്ടോക്കോളും ആക്ഷന്‍ പ്ലാനും നടപ്പാക്കിയാണ് മുന്നൊരുക്കം. മഴക്കാലത്തിന് മുമ്പ്ഡാമുകളില് നടത്തേണ്ട അറ്റകുറ്റപ്പണികളെല്ലാം കൊവിഡിനെ വകവയ്ക്കാതെ ജൂലായില്‍ തന്നെ പൂര്‍ത്തിയാക്കി. 2018ലെ പ്രളയത്തിന് ശേഷം കേന്ദ്ര ജല കമ്മിഷന്റെ അനുവാദത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ റൂട്ട് കര്‍വുകള്‍ എല്ലാ ഡാമുകള്‍ക്കുമുണ്ട്. ഓരോ ഡാമിലും എത്ര അടി വെള്ളമുണ്ടെന്നും വെള്ളം പരിധിയ്ക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്നും റൂട്ട് കര്‍വ് അടിസ്ഥാനപ്പെടുത്തിയാവും തീരുമാനമെടുക്കുക.
എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തിയതായി കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. ഡാമുകളിലേക്ക് ആവശ്യമായ ജീവനക്കാരെയെല്ലാം നിയമിച്ച് കഴിഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പലയിടത്തും ആശയവിനിമയ സംവിധാനം തകര്‍ന്നിരുന്നു. ഇത് പരിഹരിക്കാനായി സാറ്റലൈറ്റ് ഫോണുകള്‍ എല്ലാ ഡാമുകളിലും എത്തിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ എല്ലാ ഡാമുകളിലും കണ്ട്രോള് റൂം തുറക്കാനുള്ള സംവിധാനവും ഒരുക്കി.
ഈയാഴ്ച പ്രവചിച്ചതിനെക്കാള്‍ അതിതീവ്ര മഴ പെയ്താലും സംസ്ഥാനത്തെ വലിയ ഡാമുകളൊന്നും തുറക്കില്ലെന്ന് കെ.എസ്.ഇ.ബി ചെയര്മാന് എന്‍.എസ് പിള്ള പറഞ്ഞു. ഇടുക്കി, ഇടമലയാര്‍, ബാണാസുരസാഗര്‍, ആനത്തോട് തുടങ്ങി പ്രധാനപ്പെട്ട ഡാമുകളൊന്നും തുറക്കില്ല. നിലവില്‍ ഈ ഡാമുകളിലെല്ലാം ജലനിരപ്പ് വളരെ കുറവാണ്. മഴ പെയ്താലും ഒരു പരിധി വരെ വെള്ളം പിടിച്ച് നിര്‍ത്തി ഡാമുകള്‍ വെള്ളപ്പൊക്കത്തിന് തടയിടുമെന്നാണ് കെ.എസ്.ഇ.ബിയുടെ അനുമാനം. ഡാമുകള്‍ തുറക്കാത്തിനെ തുടര്‍ന്ന് ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ അതിനെ വകവയ്ക്കില്ല. മനുഷ്യനിര്‍മ്മിതമല്ല പ്രളയം.
Post Your Comments