തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ പാസ്സും പ്രത്യേക അനുവാദവും പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടതെന്നും പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്നും ഇതോടെ സര്‍ക്കാര്‍ തന്നെ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നല്കി എന്നു വേണം കരുതാനെന്നും സുരേന്ദ്രന് പറഞ്ഞു.
സ്വപ്ന കുടുംബ സമേതമാണ് സന്ദീപുമായി സംസ്ഥാനം വിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ഇത്രയേറെ പേര്‍ക്ക് സര്‍ക്കാര്‍ ഉന്നതരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാകില്ലെന്നും ഒളിച്ചു താമസിച്ചിരുന്നിടത്ത് നിന്ന് ടിവി ചാനലില്‍ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ക്കു ബോധ്യമായതാണെന്നും സുരേന്ദ്രന് ആരോപിച്ചു.
സിപിഎം തിരക്കഥ അനുസരിച്ചാണവര്‍ പ്രവര്‍ത്തിക്കുന്നത്. ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എന്‍.ഐ.എയ്ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായും കെ.സുരേന്ദ്രന് പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യ സൂത്രധാര സ്വപ്ന സുരേഷിനെയും സന്ദീപിനെയും ബെംഗളൂരുവില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇരുവരെയും നാളെ കൊച്ചിയിലെത്തിക്കും. ഇവര്‍ പിടിയിലായ വിവരം എന്‍ഐഎ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാര്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായര്‍ കേസിലെ നാലാം പ്രതിയാണ്.
Post Your Comments