പട്ന : രണ്ടു ദിവസമായുള്ള ഇടിമിന്നലിലും പേമാരിയിലും ബിഹാറില്‍ അഞ്ച് ജില്ലകളില്‍ മൂന്ന് കുട്ടികളടക്കം 83 പേര് മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അതേസമയം, സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇടിമിന്നല്‍ മൂലം ജീവന് നഷ്ടപ്പെട്ട 83 പേര്‍ക്കും 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
നിരവധി പേര്‍ക്ക് പരിക്കേറ്റു, വ്യാപകമായി വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായി. 23 ജില്ലകളിലാണ് മിന്നലേറ്റുള്ള മരണങ്ങളുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ അപ്ഡേറ്റുകള് പ്രകാരം ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് ഗോപാല്‍ഗഞ്ച് ജില്ലയിലാണ്. 13 പേര്. ദര്‍ബംഗയില്‍ അഞ്ച്, സിവാനില്‍ നാല്, മധുബാനി,നവാഡ ജില്ലകളില്‍ എട്ട് വീതം, ബറൗലി, ഉച്ച്കഗാവ് ബ്ലോക്കുകളില്‍ നാല് വീതവും വെസ്റ്റ് ചമ്പാരന്‍ കിഷന്‍ഗഞ്ച്, ജെഹനാബാദ്, ജാമുയി, പൂര്‍ണിയ, സുപോള്‍, ബക്സര്‍, കൈമൂര്‍ ജില്ലകളില്‍ രണ്ട് വീതം. മജ, കറ്റേയ, വിജയ് സമസ്തിപുര്‍, ഷിയോഹര്‍, സരണ്‍, സിതാമര്‍ഹി, മാധേപുര എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവും മരണമടഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗോപാല്‍ഗഞ്ച് ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ വയലുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ ഇടിമിന്നലേറ്റത്. 20 ലധികം പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദര്‍ബംഗയില്‍ ഇടിമിന്നലില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര് കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജില്ലാ ദുരന്ത നിവാരണ ഓഫീസര്‍ പുഷ്പേഷ് കുമാര്‍ പറഞ്ഞു.
ഹനുമാന് നഗര്‍ ബ്ലോക്കിലെ രണ്ട് ആണ്‍കുട്ടികള്‍, ബഹാദൂര്‍ ബ്ലോക്കിലെ ഒരു പെണ്‍കുട്ടി, ബിറൗള്‍ പോലീസ് സ്റ്റേഷന് പ്രദേശത്തെ ഒരു ഗ്രാമത്തിലെ ഒരു സ്ത്രീ, ബഹേരി പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള മറ്റൊരു സെറ്റില്‍മെന്റിലെ ഒരാള്‍ എന്നിവരാണ് മരിച്ചത്. മധുബാനി ജില്ലയിലെ ഫുള്‍പാറസ് പോലീസ് സ്റ്റേഷന് ഏരിയയിലെ ബെല്‍ഹ ഗ്രാമത്തില്‍ ജോലി ചെയ്യുന്നതിനിടെ ദമ്പതികളും കൊല്ലപ്പെട്ടു. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ഷിക്കാര്‍പൂര്‍ പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള രണ്ട് ഗ്രാമങ്ങളില്‍ മറ്റ് രണ്ട് കര്‍ഷകര്‍ അതത് വയലുകളില്‍ കൊല്ലപ്പെട്ടു.
പ്രതികൂല കാലാവസ്ഥ കുറച്ച് ദിവസത്തേക്ക് തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നേപ്പാളിന്റെ അതിര്‍ത്തിയില്‍ കനത്ത തോതിലുള്‍പ്പെടെ ഏതാനും ദിവസത്തേക്കു സംസ്ഥാനത്തെ 38 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
Post Your Comments