തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ ദുരൂഹ മരണം, നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ . ശ്രീകാര്യത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. മരിച്ച ഷൈജു ശ്രീകാര്യത്തേക്ക് എത്തുന്ന ദൃശ്യങ്ങളാണ് സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവിയില്‍ നിന്ന് കിട്ടിയത്. ഷൈജുവിന്റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനത്തെ ബലപ്പെടുത്തുന്നതാണ് ദൃശ്യം.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീകാര്യം ജങ്ഷനിലെ സ്വകാര്യ ബാങ്കിന്റെ പിന്നില്‍ വര്‍ക്കല സ്വദേശിയായ ഷൈജുവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഷൈജുവിനെ കാണാതാവുകയായിരുന്നു.
മൃതദേഹത്തിലുണ്ടായിരുന്ന മുറിവുകളും ദുരൂഹത വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നിന്ന് ഷൈജുവിനെ ആരോ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാം എന്നു വരെയുളള സംശയങ്ങളും ശക്തമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയത്.
മരിച്ച ഷൈജു ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ശ്രീകാര്യം ജങ്ഷനിലേക്ക് ഒറ്റയ്ക്കു നടന്നു വരുന്ന ദൃശ്യങ്ങളാണ് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞത്. ഇതോടെ ഷൈജുവിനെ തട്ടിക്കൊണ്ടുവന്നതാകാമെന്നുളള സംശയം ഏതാണ്ട് തളളിക്കളയുകയാണ് പൊലീസ്.
വീഴ്ചയിലുണ്ടായ പരുക്കുകളാണ് ഷൈജുവിന്റെ മുഖത്ത് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. എന്നാല്‍ എങ്ങിനെയാണ് വീഴ്ച സംഭവിച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയെന്ന് ഉറപ്പിച്ചു പറയാന്‍ പൊലീസ് തയാറായിട്ടുമില്ല.ആത്മഹത്യ ചെയ്യാന്‍ പാകത്തില്‍ പ്രശ്നങ്ങള്‍ ഷൈജു നേരിട്ടിരുന്നോ എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.
Post Your Comments