സംവിധായകൻ സച്ചിയുടെ മരണത്തിൽ നെഞ്ച് തകരുന്ന വേദനയുമായി നഞ്ചമ്മ. “ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.” നഞ്ചമ്മ പറഞ്ഞു.
സിനിമയ്ക്ക് ശേഷവും നഞ്ചമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ സച്ചി മടിച്ചിരുന്നില്ല. ഒരു കുടുംബാംഗത്തെ പോലെ വിശേഷങ്ങൾ അദ്ദേഹം തിരക്കി. ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ ചെയ്തത് കുറച്ചു ദിവസം മുമ്പാണെന്നും നഞ്ചമ്മ പറഞ്ഞു.
സംവിധായകൻ മാത്രമായിരുന്നില്ല. മകനെപോലെയായിരുന്നു സച്ചി. നഞ്ചമ്മയുടെ പാട്ടുകൾ മാത്രമായിരുന്നില്ല, നഞ്ചമ്മയേയും സച്ചി അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. പാട്ടുകാരിയാണെങ്കിലും അയ്യപ്പനും കോശിയും എന്ന സിനിമയിൽ പാടിയതോടെയാണ് നഞ്ചമ്മ നാടറിയുന്ന പാട്ടുകാരിയായത്.
അതുപോലെ തന്നെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത അട്ടപ്പാടി സ്വദേശി പഴനിസ്വാമിയും സച്ചിയുടെ മരണത്തിൽ തീരാ വേദനയിലാണ്. സിനിമയിൽ അവസരം തേടി നടന്ന പഴനിസ്വാമിയ്ക്ക് ആളറിയുന്ന വേഷം കൊടുത്തത് സച്ചിയാണ്. പതിനഞ്ച് വർഷത്തോളം സിനിമാ മോഹവുമായി നടന്ന എനിക്ക് നല്ല വേഷം തന്നത് സച്ചിസാറാണെന്ന് പഴനിസ്വാമി പറയുന്നു.തന്നോട് അത്രയേറെ സ്നേഹം കാണിച്ചിരുന്ന ആളാണ് സച്ചിയെന്നും, ഞങ്ങളുടെ ജീവിതത്തിലേക്ക് മനുഷ്യ രൂപത്തിൽ വന്ന ദൈവമാണ് സച്ചിയെന്നും പഴനിസ്വാമി പറഞ്ഞു.
മലയാളസിനിമയിലെ ഹിറ്റ് മേക്കറിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്തരിച്ചത്. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഇടുപ്പുശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടായ അദ്ദേഹത്തെ പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post Your Comments