പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ ജന ജീവിതം ഭീതിയിലാഴ്ത്തുന്ന കടുവയെ പിടികൂടാൻ പുതിയ മാർഗങ്ങൾ കണ്ടെത്തി വനംവകുപ്പ് അധികൃതർ. ജനവാസ മേഖലയിൽ ആശങ്കയുണർത്തി കടുവയുടെ സാന്നിധ്യം കണ്ടെത്തി ദിവസങ്ങളായെങ്കിലും പിടികൂടാനുള്ള പരിശ്രമം തുടരുകയാണ്. മയക്കുവെടി വിദഗ്ധര്‍ അടക്കമുള്ള സംഘം ദിവസങ്ങളായി പ്രദേശത്ത് തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇത് വരെ ഫലം കണ്ടിട്ടില്ല.
തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച കടുവയെ കണ്ടെത്താൻ കുങ്കി ആനയെ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങി. ആനയെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തൊഴിലാളിയെ കൊലപ്പെടുത്തി ഒരാഴ്ച പിന്നിടുമ്പോഴും ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ കഴിയാത്തത് വനംവകുപ്പിന് വെല്ലുവിളി ആകുന്നുണ്ട്. തോട്ടം മേഖലകളിലാണ് കടുവയുടെ സാന്നിധ്യമെന്നതും പിടികൂടാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പലയിടങ്ങളിലും കടവുയെ കണ്ടെന്ന് നാട്ടുകാർ വിളിച്ച് അറിയിക്കുന്നുണ്ടെങ്കിലും ഇതിലേറെയും വ്യാജ സന്ദേശങ്ങളാണ്. വയനാട്ടിൽ നിന്നെത്തിയ ദ്രുത കർമ്മ സംഘം കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ എല്ലാം അരിച്ചുപെറുക്കി. അപ്പോഴും ജനവാസ മേഖലകളിൽ കടുവ സഞ്ചാരം തുടരുകയാണ്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടശ്ശേരിക്കര, പെരിനാട്, ചിറ്റാർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധിച്ചപ്പോൾ കണ്ടത് നായയുടെ കാൽപാടുകൾ ആയിരുന്നു.
Post Your Comments