അഞ്ജു പാര്വതി പ്രഭീഷ്
പാലത്തായി പോക്സോ പീഢനക്കേസ് ബാക്കിവയ്ക്കുന്ന ഒരുപാട് സംശയങ്ങളുണ്ട്. പത്മരാജനെന്ന കുറ്റാരോപിതനായ വ്യക്തിയെ,അതും പീഡിപ്പിക്കപ്പെട്ട കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനായ മനുഷ്യനെ ഒരു തരത്തിലും നിരപരാധിയായി കാണുന്നില്ലായെങ്കിലും ഈ കേസ് സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളിൽ ന്യായമായ ചില സംശയങ്ങൾ എനിക്ക് തോന്നുന്നത് ഞാൻ രണ്ടു വയസ്സുകാരിയായ ഒരു കുഞ്ഞിന്റെ അമ്മയായതുക്കൊണ്ടു കൂടിയാണ്.
മാർച്ച് 19 നു ഒരു ഓൺലൈൻ പത്രത്തിലാണ് ആദ്യമായി ഈ വാർത്ത വായിക്കുന്നത്.പതിവുപോലെ പോക്സോ കേസുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയാ പ്രകമ്പനങ്ങളൊന്നും ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കണ്ടതേയില്ല. അതാണ് ഈ കേസ് സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുവാൻ പ്രേരിപ്പിച്ച ആദ്യ ഘടകം. ഇര ഒരു മുസ്ലീം പെൺകുട്ടി,പ്രതിയോ ബി.ജെ.പിക്കാരനായ അദ്ധ്യാപകൻ.വെറും സാധാരണക്കാരനായ അണിയല്ല,മറിച്ച് സംഘടനാപാടവവും നേതൃസ്ഥാനവുമുള്ള ബി.ജെ.പിക്കാരനായ വ്യക്തി. എന്നിട്ടും എന്ത് കൊണ്ട് ഇടതുജിഹ്വകൾ ഈ കേസിന്റെ കാര്യത്തിൽ നിശബ്ദമായി? കത്വയിലെ എട്ടുവയസ്സുകാരിക്ക് വേണ്ടി ഈ നാട്ടിലെ ബി.ജെ.പിക്കാരെ വീട്ടിൽ കയറ്റരുതെന്ന് നോട്ടീസ് വരെ ഒട്ടിച്ചവർ എന്ത് കൊണ്ട് സ്വന്തം നാട്ടിലെ കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ ,സംഘപരിവാറുകാരനായ പ്രതിക്കെതിരെ ശക്തമായി പ്രതികരിച്ചില്ല?
സംഭവം നടന്നത് കണ്ണൂരിലെ പാനൂരിൽ.സ്ഥലം എംഎൽഎ ശക്തയായ മന്ത്രി ശൈലജ ടീച്ചർ. കേരളം ഭരിക്കുന്നത് എൽഡിഎഫ്.ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാൻ ഒരു മാസത്തോളം വൈകിയ പോലീസ്. ലോക്ഡൗൺ ഉള്ളതുക്കൊണ്ടു തന്നെ എങ്ങും പോലീസ് വിന്യാസം അതിശക്തമായ കണ്ണൂരിൽ ഒരു പോക്സോ കേസ് പ്രതി ഒരു മാസത്തോളം കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞുവെന്നത് തീർത്തും അവിശ്വസനീയം. ഇനി അങ്ങനെ അയാൾക്ക് കഴിഞ്ഞുവെങ്കിൽ അത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയല്ലാതെ മറ്റെന്താണ്?
മാർച്ച് 17ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തതായി അറിഞ്ഞു.അന്ന് തന്നെ പാനൂർ പൊലീസും വീട്ടിൽ വന്ന് മൊഴി എടുത്തുവെന്നും രാത്രിയോടെ എഫ് .ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും പറഞ്ഞുകേൾക്കുന്നു. മാർച്ച് 18ന് കുട്ടിയെ തലശ്ശേരിയിൽ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി കൊടുത്തു. മാർച്ച് 19ന് രാവിലെ പാനൂർ സി.ഐ വീട്ടിൽ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാർച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്.പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്യുന്നു. മാർച്ച് 22ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യുന്നു. മാർച്ച് 27ന് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പിന്നെയും ചോദ്യം ചെയ്യൽ. ലൈംഗിക പീഡനത്തിരയായ ഒമ്പതു വയസ്സ് മാത്രം പ്രായമായ പെൺക്കുഞ്ഞിനെയാണ് കേരള പോലീസ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഈ രീതിയിൽ ചോദ്യം ചെയ്തത്. ഇതൊക്കെ സത്യമാണെങ്കിൽ കേരളത്തിലെ ശിശുക്ഷേമം ഇത്രമേൽ അധ:പതിച്ചതാണോ?
സംഭവം നടന്നിട്ട് ഒരു മാസമായിട്ടും പ്രതിയെ പിടിക്കാത്ത പോലീസിനെ അപലപിക്കാൻ ഇടതുപക്ഷത്തിനു കഴിയാത്തതിനെ നമുക്ക് ന്യായീകരിക്കാമെങ്കിലും എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ-സ്ത്രീപക്ഷ-കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകൾ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നു. സംഘപരിവാറുകാരനായ പ്രധാനമന്ത്രിയുടെ കൈക്കൊട്ടൽ- ഐക്യദീപ അഭ്യർത്ഥനകളെയും മറ്റും നിശിതമായി വിമർശിച്ചു തേച്ചൊട്ടിക്കാൻ സമയം കണ്ടെത്തിയിരുന്ന പ്രൊഫൈലുകളൊന്നും ഈ വിഷയം കണ്ടതായി നടിച്ചതേയില്ല. കൈരളിയോ ഇതര ചാനലുകളോ ചർച്ചയാക്കാൻ മിനക്കെട്ടില്ല. എന്തുക്കൊണ്ട്?ഈ വിഷയത്തിൽ പലരും പ്രതികരിച്ചു കണ്ടത് ഏപ്രിൽ 14 മുതലാണ്. അതിന്റെ പിറ്റേന്ന് ഇയാൾ പിടിയിലാവുകയും ചെയ്തു. മാർച്ച് 19 മുതൽ സജീവമാവേണ്ടിയിരുന്ന ഒരു കുറ്റകൃത്യം ചർച്ചയാവുന്നത് ഏപ്രിൽ 14 മുതലെങ്കിൽ അതിനിടയിലെ കാലവിളംബം കോവിഡ് -19 അല്ല,മറിച്ച് അതിനേക്കാൾ മാരകമായ മറ്റെന്തോ ആണ്.
പാലത്തായി പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാക്കൾ നിഷ്ക്രിയരായി നിന്നത് എന്തിനെന്ന് മനസ്സിലാകുന്നേയില്ല. കോൺഗ്രസ്, ലീഗ്, എസ്ഡിപിഐ തുടങ്ങിയവർ സംഭവുമായി യാതൊരു രീതിയിലും ബന്ധപ്പെടാതെ കണ്ണടച്ചത് എന്ത് കൊണ്ട്? ബിജെപി ജില്ലാ നേതൃത്വം പ്രതിയെ സംരക്ഷിക്കാനും സുരക്ഷിതനായി കർണാടകയിൽ എത്തിക്കാനും മുന്നിൽ നിന്നുവെന്നത് സത്യമാണ്. പത്മരാജനെന്ന വ്യക്തി നിരപരാധിയായിരുന്നുവെങ്കിൽ ഒളിവിൽ കഴിയാതെ പോലീസിൽ കീഴടങ്ങി തന്റെ നിരപരാധിത്വം അയാൾ തെളിയിക്കാൻ മിനക്കെടുമായിരുന്നു.
സംഭവം നടന്ന സ്കൂൾ ഒരു പ്രൈവറ്റ് മാനേജ്മെന്റ് സ്കൂൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. നല്ലൊരു ശതമാനം മുസ്ലീം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ഒരേയൊരു ബിജെപി അനുകൂലിയായ അധ്യാപകനാണ് ഈ പദ്മരാജൻ. ഇതൊന്നും അയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്നതിന്റെ കാരണമാകുന്നില്ലയെന്നത് യാഥാർത്ഥൃം. കാരണം കുട്ടിയുടെ മൊഴി മുഖവിലയ്ക്കെടുത്തേ തീരൂ.പക്ഷേ ശാസ്ത്രീയമായ അന്വേഷണം ഇവിടെ അനിവാര്യമാണ്. ഒരു പ്രതിയും കുറ്റം സമ്മതിച്ച ചരിത്രമില്ല. പക്ഷേ നുണപരിശോധനയ്ക്ക് അയാളെ വിധേയനാക്കണം. കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞ കാര്യമാണ്. ആ സ്ഥിതിക്ക് പീഡിയോഫീൽ പത്മരാജനാവാം, വേറെ ആരെങ്കിലുമാവാം. ഒരു പക്ഷേ ഒന്നിലേറെപ്പേർക്ക് ഈ സംഭവത്തിൽ ബന്ധമുണ്ടായേക്കാം. പീഡിപ്പിക്കാൻ മുന്നിൽ നിന്ന പലരിൽ ഒരാൾ മാത്രമായിരിക്കാം ഈ പത്മരാജൻ. ഇയാൾ പിടിക്കപ്പെട്ടാൽ പലരും പിടിക്കപ്പെടും എന്നതുക്കൊണ്ടാവാം ഇതര രാഷ്ട്രീയസംഘടനകൾ ഈ വിഷയത്തിൽ മൗനം പാലിച്ചത്.
ഒരുപാട് സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. പാലത്തായിയും വാളയാർ പോലെയായി തീരാനാണ് നിലവിൽ സാധ്യത.അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദൽ അണിയറനീക്കമോ പാലത്തായി? സത്യമെന്തായാലും ഒരു ഒൻപതുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ഈ കേരളത്തിൽ. അതും സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാം വീടായ വിദ്യാലയത്തിൽ വച്ച്.ആ കുഞ്ഞുമോൾക്ക് നീതി കിട്ടിയേ തീരൂ. ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പത്മരാജനെന്ന വൃക്തി കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും അയാൾ ഈ ഭൂമിയിൽ ജീവിക്കാൻ അർഹനല്ല .വിദ്യ പകരേണ്ടവൻ കവർന്നത് ഒരു അനാഥബാല്യത്തിന്റെ ജീവിതമായതിനാൽ പൊതുസമൂഹമെങ്കിലും ഇവനെ വെറുതെ വിടാൻ അനുവദിച്ചു കൂടാ. എന്നാൽ അയാൾ നിരപരാധിയാണെങ്കിൽ ആ കുഞ്ഞു ശരീരത്തിൽ കൈവച്ച ഒരു പീഡോഫീൽ സമൂഹത്തിലുണ്ടെന്നുള്ളതും അവൻ സുരക്ഷിതനാണെന്നുള്ളതും ഓരോ അമ്മമാരുടെയും നെഞ്ചിലെ തീയാളി കത്തിച്ചുക്കൊണ്ടേയിരിക്കും.ഒപ്പം രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാനും കഴിയും.അതിനാൽ തന്നെ ഈ കേസിലെ സത്യം മറ നീക്കി പുറത്തുവന്നേ തീരൂ!
Post Your Comments