ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദില്ലി നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ വ്യാപക സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. ഭജന്പുരയില് പെട്രോള്‍ പമ്പില്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് അക്രമികള്‍ തീകൊളുത്തിയത് ആശങ്ക പടര്‍ത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ പൊലീസ് വെടിവെച്ചതായും പൊലീസിനെ നേരെ അക്രമികള്‍ വെടിവെച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. നിരവധി വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. വീടുകളും കടകളും ആക്രമിക്കപ്പെട്ടു.
ഗോക്കല്‍ പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായാണ് വിവരം.
മൗജ്പൂരില് പൗരത്വ നിയമത്തെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പ്രദേശത്തെ വീടുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറുണ്ടായെന്നാണ് വിവരം. ഇതുവഴിയുള്ള ഗതാഗതവും ഇതോടെ താറുമാറായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജഫ്രാബാദ്, മൗജ്പൂര് ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകള്‍ നേരത്തെ അടച്ചിരുന്നു. ഷഹീന് ബാഗ് മോഡല്‍ സമരം നടക്കുന്ന സ്ഥലമാണ് ജഫ്രാബാദ്. സമരം തുടരുന്നതിനിടെയാണ് ഉച്ചയോടെ സംഘര്‍ഷമുണ്ടായത്.
പലവട്ടം വെടിവെപ്പുണ്ടായതായാണ് പൊലീസ് പറയുന്നത്. അഗ്നിരക്ഷാസേനയുടെ ഒരു വാഹനവും ഇതിനിടെ അക്രമികള്‍ തകര്‍ത്തു. അക്രമസാധ്യത മുന്‍നിര്‍ത്തി വടക്കുകിഴക്കന്‍ ദില്ലിയിലെ പത്ത് പൊലീസ് സ്റ്റേഷന് പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments