ന്യൂഡല്‍ഹി: ശബരിമല കേസില്‍ വിശാല ബെഞ്ച് രൂപീകരണം ശരിവച്ച് സുപ്രീം കോടതി. യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ച അഞ്ചംഗ ബെഞ്ചിന്റെ നടപടിയാണ് സുപ്രീം കോടതി ശരിവച്ചത്. കേസിലെ പരിഗണനാ വിഷയങ്ങല്‍ തീരുമാനിച്ചെന്നും രണ്ട് വിഭാഗമായി പരിഗണിക്കാനാണ് തീരുമാനമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അഭിഭാഷകര്‍ ഉയര്‍ത്തിയ നിയമ പ്രശ്നങ്ങളെല്ലാം തള്ളിയാണ് വിധി പ്രഖ്യാപനം. 17 ന് വാദം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഞ്ച് ദിവസമായിരിക്കും ഇരുവിഭാഗത്തിനും വാദത്തിന് ഉണ്ടായിരിക്കുക. പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ സുപ്രധാന നിയമപ്രശ്നങ്ങള്‍ ഉയരുകയാണെങ്കില്‍ അത് വിശാല ബെഞ്ചിലേക്കു വിടാനുള്ള അധികാരം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ച് വ്യക്തമാക്കി
മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തി എത്രത്തോളം, ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതാചരണത്തിനുള്ള അവകാശവും 26-ാം അനുച്ഛേദപ്രകാരമുള്ള പ്രത്യേക മതവിഭാഗങ്ങളുടെ അവകാശവും തമ്മിലുള്ള പാരസ്പര്യം, പ്രത്യേക മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനയുടെ പാര്‍ട്ട് മൂന്നു പ്രകാരമുള്ള മറ്റ് അവകാശങ്ങള്‍ക്ക് അനുസൃമായിരിക്കേണ്ടതുണ്ടോ, 25, 26 അനുച്ഛേദങ്ങള്‍ പ്രകാരമുള്ള ധാര്‍മികതയുടെ വ്യാപ്തി എത്രത്തോളം, അത് ഭരണഘടനാ ധാര്‍മികത ഉള്‍പ്പെടുന്നതാണോ, പ്രത്യേക മതവിഭാഗങ്ങള്‍ക്ക് മൗലിക അവകാശങ്ങള്‍ അവകാശപ്പെടാമോ, 25 (2) ബി പ്രകാരമുള്ള ഹിന്ദു വിഭാഗങ്ങള്‍ എന്നാല്‍ എന്താണ്, ഒരു മതവിഭാഗത്തിന്റെ ആചാരത്തെ അതില്‍ പെടാത്ത ഒരാള്‍ക്ക് പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാവുമോ എന്നീ കാര്യങ്ങളാണ് വിശാല ബെഞ്ച് പരിശോധിക്കുക.
വിശാല ബെഞ്ച് ശബരിമല റിവ്യൂ ഹര്‍ജികള്‍ പരഗിണിക്കില്ലെന്ന് വ്യകതമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ബെഞ്ച് രൂപീകരണം സാങ്കേതികമായി ശരിയല്ലെങ്കില്‍ പോലും അതിനു മുന്നില്‍ വന്ന നിയമ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ വിശാല ബെഞ്ചിന് അധികാരമുണ്ട്. നീതി നടത്തിപ്പില്‍ സാങ്കേതികത്വം കോടതിക്കു മുന്നില്‍ തടസ്സമാവരുത്. ബെഞ്ച് രൂപീകരിച്ചത് സാങ്കേതികമായി സാധുവല്ലെന്ന വാദം തെറ്റാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
Post Your Comments