ക്രിസ്മസ്-ന്യൂഇയര്‍ സമ്മാനമായി മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാവകുട്ടിയെ തന്നെ വാങ്ങാമെന്നു കരുതിയാണ് ആ അമ്മ ഓണ്‍ലൈന്‍ വഴി നല്ലൊരു പാവകുട്ടിയെ ഓര്‍ഡര്‍ നല്‍കിയത് .ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു വാങ്ങിയ പാവക്കുട്ടിയാണ് സന്തോഷത്തിനു പകരം സങ്കടവും ആഹ്ലാദത്തിനു പകരം ഭീതിയും സമ്മാനിച്ചത്. പിന്നീട് പാവക്കുട്ടിയില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ കൂടി കാണപ്പെട്ടതോടെ ക്രിസ്മസ് സമ്മാനത്തിന്റെ ഞെട്ടല്‍ വിട്ടൊഴിയാതെ കഴിയുകയാണ് അമ്മയും മകളും.
ന്യൂജേഴ്സില്‍ താമസിക്കുന്ന എലിസബത്ത് ഫെയ്ഡ്ലിക്കാണ് ഇത്തവണത്തെ ക്രിസ്മസും ന്യൂ ഇയറും ഭീകരനാനുഭവമായി മാറിയത്. മകള്‍ എല്ലിക്ക് ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് മികച്ചൊരു പാവക്കുട്ടിയെ തിരഞ്ഞെടുത്തപ്പോള്‍ അവര്‍ ആഹ്ലാദിച്ചതാണ്. പക്ഷേ സമ്മാനം എത്തിയപ്പോള്‍ ഞെട്ടിയത് എല്ലി മാത്രമല്ല, എലിസബത്തും. സന്തോഷം തോന്നിക്കാത്ത വിചിത്ര രൂപത്തിലുള്ള പാവക്കുട്ടിയായിരുന്നു പാക്കറ്റില്‍. പച്ചത്തലമുടി, തുറിച്ച നോട്ടം. ആകെപ്പാടെ ഒരു ഭീകരജീവി. പേള്‍ എന്നായിരുന്നു പാവക്കുട്ടിയുടെ പേര്. വാങ്ങിയതല്ലേ, ഉപേക്ഷിക്കണ്ട എന്നു കരുതി പാവക്കുട്ടിയെ നന്നാക്കാന്‍ കൊടുത്തപ്പോള്‍ വീണ്ടും അടുത്ത ഞെട്ടല്‍.
പാവക്കുട്ടി തുറന്നുപരിശോധിച്ച ജീവനക്കാരാണ് ഇത്തവണ ഞെട്ടിയത്. ഉള്ളില്‍ 56 ഗ്രാം കൊക്കെയ്ന്‍. പിന്നീട് സംഭവിച്ചത് ഒരു കുറ്റാന്വേഷകന് എലിസബത്തിനെ വിളിക്കുന്നു. പാവക്കുട്ടി എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് വിശദമായ ആന്വേഷണം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കയ്യില്‍നിന്നാണോ പാവക്കുട്ടിയെ ലഭിച്ചത് എന്നതിനെക്കുറിച്ചായിരുന്നു അന്വേഷണം. കടയില്‍ നിന്നു വാങ്ങാതെ എന്തിനാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നു സമ്മാനം വാങ്ങിയത് എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിച്ചു. ഒടുവില്‍ സംഭവത്തില്‍ വിശദീകരണവുമായി എലിസബത്ത് തന്നെ രംഗത്തെത്തി.
ഫെയ്സ്ബുക്കില്‍ പേള്‍ എന്ന വിചിത്ര പാവക്കുട്ടിയുടെ ചിത്രം സഹിതമാണ് എലിസബത്തിന്റെ പോസ്റ്റ്. മത്സ്യകന്യകയുടെ രൂപത്തിലുള്ള പാവക്കുട്ടിയെയാണ് മകള്‍ എല്ലി ആവശ്യപ്പെട്ടതത്രേ. കടകളില്‍ അത്തരമൊന്ന് കണ്ടെത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് വാങ്ങിയതെന്നും അമ്മ വിശദീകിച്ചു. പക്ഷേ, അന്വേഷണം പുരോഗമിക്കുകയാണ്. എലിസബത്തിന്റെ കുടുംബത്തില്‍ ആരെങ്കിലും മയക്കുമരുന്ന് ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ എലിസബത്തിനും എല്ലിക്കും കഴിഞ്ഞു. അന്വേഷണം പാവനിര്‍മാതാക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ രാജ്യാന്തര വിചാരണ തന്നെ വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
Post Your Comments