വൈപ്പിൻ: കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ പോയ മകനെയും കാത്തു ഈ മാതാ പിതാക്കളുടെ കാത്തിരിപ്പ് നൊമ്പരമാകുന്നു.കഴിഞ്ഞ പ്രളയത്തിന് വഞ്ചി മുങ്ങി കാണാതായ പുതുവൈപ്പ് മറ്റപ്പിള്ളി മിഥുൻ കുമാർ എന്ന 22 കാരന്റെ അമ്മയും അച്ഛനുമാണ് മകനായുള്ള കാത്തിരിപ്പ് തുടരുന്നത്. സേവാഭാരതിയുടെ പ്രവർത്തകനായിരുന്നു മിഥുൻ. ഒറ്റപ്പെട്ടുപോയവരെ രക്ഷപെടുത്തി ക്യാമ്പിലെത്തിക്കുക എന്നതായിരുന്നു മിഥുന്റെയും കൂട്ടരുടെയും ദൗത്യം. പലഭാഗത്തും യമഹ ഘടിപ്പിച്ച വള്ളത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
സംഭവ ദിവസം അയൽവാസിയായ സാജനും ശ്രീലങ്കൻ സ്വദേശി ജിൽരാജിനുമൊപ്പം ആയിരുന്നു മിഥുനും പോയത്. ഓച്ചന്തുരുത്തിൽ കായലിനോട് ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇവരുടെ വള്ളം ശക്തമായ ഒഴുക്കിൽ പെട്ട്, കായലിലെ കുറ്റിയിൽ തട്ടി മറിയുകയായിരുന്നു. സാജനെയും ജിൽരാജിനെയും ഒഴുക്കിൽ നിന്ന് ബോട്ടുകാർ രക്ഷിച്ചു.എന്നാൽ നീന്തൽ വശമില്ലാതിരുന്ന മിഥുനെ കണ്ടെത്താനായില്ല. ദിവസങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും മിഥുനെ കണ്ടെത്തിയില്ല.
കുടുംബത്തിന്റെ അത്താണിയായിരുന്ന മകനായിരുന്നു വീട് പുലർത്തിയിരുന്നത്. ടൈൽ പണിയായിരുന്നു ആദ്യം . പിന്നീട് ജെസിബി ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. ഈ ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ സഹോദരി ശ്രീമോളെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തു. വിവാഹം കഴിക്കാൻ മിഥുനെ നിർബന്ധിച്ചപ്പോൾ കടങ്ങൾ വീട്ടിയിട്ട് ആവാമെന്നായിരുന്നു മിഥുന്റെ മറുപടി.
എസ്. ശർമ്മ എംഎൽഎയുടെ ശ്രമഫലമായി മിഥുന്റെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ നൽകി. ഇതുകൂടാതെ മിഥുന്റെ മാതാപിതാക്കളായ സതിക്കും കുമാറിനും ദൈനം ദിന ചെലവുകൾക്കായി സേവാഭാരതി വീടിനോട് ചേർന്ന് ഒരു പലചരക്ക് കട ഇട്ടു നൽകിയിട്ടുണ്ട്. ഇപ്പോഴും മകനായുള്ള കാത്തിരിപ്പ് തുടരുകയാണ് ഈ ദമ്പതികൾ.
Post Your Comments