പോത്തുകല്‍: കൺമുന്നിലാണ് തന്റെ ഉറ്റവരെ ജിഷ്‌ണുവിന് നഷ്‌ടമായത്. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയില്‍ കവളപ്പാറയിലെ മണ്ണിനടിയില്‍ മറഞ്ഞത്. ഇരുട്ടായതിനാൽ എല്ലാം അവ്യക്തമായിരുന്നു. ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ തന്നെ തോട്ടില്‍ വെള്ളം കയറിയതിനാല്‍ ബന്ധു ഹരീഷിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ജിഷ്‌ണു ഇറങ്ങി. ക്യാമ്പിലേക്ക് മാറാന്‍ ജിഷ്ണു വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു കുടുംബം. ജിഷ്ണു സ്ഥലത്തെത്തിയപ്പോഴേക്കും കൺമുന്നിൽ വെച്ച് ഉരുൾപൊട്ടി.
ജിഷ്ണുവിന്റെ സഹോദരനും അസമില്‍ സൈനികനുമായ വിഷ്ണു, പിതാവ് വിജയന്‍, മാതാവ് വിശ്വേശ്വരി, സഹോദരി ജീഷ്ണ, വിഷ്ണുവിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഒരുകുട്ടി എന്നിവർ ഞൊടിയിടയ്ക്കുള്ളിൽ മണ്ണിൽ മറഞ്ഞു. ജിഷ്ണുവിന്റെ വീടിന്റെ അടിത്തറ വരെ ഇളക്കി നോക്കിയിട്ടും ആരേയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, മിലിട്ടറി രേഖകള്‍, ഈമാസം 27ന് അസമിലേക്ക് മടങ്ങാനെടുത്ത ട്രെയിന്‍ ടിക്കറ്റ് എന്നിവ മാത്രമാണ് ജിഷ്ണുവിന് തിരികെ ലഭിച്ചത്.
Post Your Comments