ന്യൂഡല്‍ഹി: കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ഡോ. എ സമ്പത്ത് ഇന്ന് ചുമതല ഏല്ക്കും. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് സമ്പത്തിന് പ്രത്യേക പദവി നല്‍കിയിരുന്നത്. രാവില 10.30ന് കേരള ഹൗസിലാണ് ചടങ്ങ് നടക്കുക. തുടര്‍ന്ന് കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കുന്നതിന് കേരള ഹൗസില്‍ ആരംഭിക്കുന്ന കളക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനും സമ്പത്ത് തുടക്കം കുറയ്ക്കും.
ചുമതലയേറ്റത്തിന് ശേഷം ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും കേരളത്തിന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്.
എന്നാല്‍, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിക്കരിക്കുമെന്ന് യുഡിഎഫ് എംപിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments