ഇടുക്കി: രാജ്യത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി പെരിയാര്‍ കടുവ സങ്കേതം. ഏറ്റവും നന്നായി കടുവ സംരക്ഷണ കേന്ദ്രങ്ങളെ കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തിനുള്ള അംഗീകാരം കേരളത്തിന് ലഭിച്ചു. അന്താരാഷ്ട്ര കടുവ ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും പങ്കെടുത്തു. കടുവകളുടെ ഏറ്റവും സുരക്ഷിതമായ ആവാസസ്ഥലം ഇന്ത്യയായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം കടുവ സംരക്ഷണത്തില്‍ രാജ്യം മികച്ച നേട്ടമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 2014ല്‍ 692 സംരക്ഷിത മേഖലകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019ല്‍ ഇത് 860 ആയി ഉയര്‍ന്നു. കമ്യൂണിറ്റി റിസര്‍വുകളുടെ എണ്ണം 43ല്‍ നിന്ന് 100 ആയി. രാജ്യത്തെ 50 കടുവ സംരക്ഷണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പെരിയാര്‍ ഏറ്റവും മികച്ച കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിലെ ആനമലയക്ക് രണ്ടാം സ്ഥാനവും കര്‍ണാടകത്തിലെ ബന്ദിപൂര്‍ മൂന്നാം സ്ഥാനവും നേടി. കേരളത്തിലെ പറമ്പിക്കുളത്തിനാണ് നാലാം സ്ഥാനം. 32 വിഭാഗങ്ങളിലായി നടന്ന പരിശോധനയ്ക്ക് ശേഷമാണ് പെരിയാറിനെ ഏറ്റവും മികച്ച കേന്ദ്രമായി തിരഞ്ഞെടുത്തതെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പകുമാര് പറഞ്ഞു.
Post Your Comments