ഒരിക്കൽ മാനസികമായ ചില ബുദ്ധിമുട്ടുകൾ കൊണ്ടു എന്റെ അടുത്തെത്തിയ ഒരു സ്ത്രീ.. ഇന്നില്ല.. !
അവരുടെ ആത്മഹത്യ നടന്നിട്ട് ഒരു വർഷമാകുന്നു..
അവളെ പോലെ ഇനിയൊരുവൾ ഉണ്ടാകാതിരിക്കട്ടെ..
അന്നെഴുതിയ കുറിപ്പ് ഒന്നുകൂടി ഇവിടെ.. :
അവസാനമായി അവൻ അവളെ പോയി കണ്ടു..
ഉമ്മ കൊടുത്തു..
അവൾ പോകുക ആണ്..ഒരിക്കലും മടങ്ങി വരാത്ത യാത്ര..
പക്ഷെ , മരണം വരെ അവനു സ്വസ്ഥത കിട്ടുമോ.?
അവളുടെ കൂട്ടുകാരി എന്നോട് ചോദിച്ചു..
ആത്മാവ് എന്ന് ഒന്നുണ്ടോ.?
എങ്കിൽ് ആ ഉമ്മയിൽ അവളുടെ എല്ലാ പിണക്കങ്ങളും പോയിട്ടുണ്ടാകും..
എനിക്ക് അങ്ങനെ ആണ് തോന്നിയത്..
വർഷങ്ങൾ ,അവനോടുള്ള പ്രണയത്തിൽ കലഹിച്ചു ജീവിതം തീർത്ത ഒരുവൾ…
ദുഖത്തിന്റെ ആഴമേറിയ കയത്തിലേക്ക് അവളെ വലിച്ചെറിഞ്ഞ ആദ്യ പ്രണയം..
ശരീരം ആദ്യമായി പങ്കു വെച്ച ആളെ ഒരു സ്ത്രീയ്ക്കും മറക്കാൻ ആകില്ല എന്നതൊക്കെ വെറും ചൊല്ല്..
എന്നാൽ,
ചില ബന്ധങ്ങൾ കൊണ്ടു പോകുന്ന രീതികൾ ഉണ്ട്..
ഹൃദയത്തിന്റെ അങ്ങ് അറ്റത് പോയി ഉമ്മ തരും..
രതിമൂർച്ചയുടെ അനുഭവം എന്നതൊക്കെ അതിന് മുന്നില് വെറും മഞ്ചാടിക്കുരു..
ജാതിയും മതവും എതിര് നില്ക്കാൻ സാധ്യത ഉണ്ട് എന്ന് ഭയന്ന ആ ബന്ധം അറ്റുപോയത് പക്ഷെ , അവന്റെ പിന്മാറ്റം കൊണ്ടായിരുന്നു..
അവൾക്കത് താങ്ങാൻ ആയില്ല..
മനസ്സ് ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് ..
സ്വയം ആശ്വസിക്കാനോ , വേദന നിറഞ്ഞ ചിന്തകളെ അകറ്റി നിർത്താനോ കഴിയാതെ ,
നടന്നത് എല്ലാം അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞു..
ആ അച്ഛന് അവൾക്കു നല്ലൊരു കുട്ടികാലം കൊടുക്കാൻ കഴിഞ്ഞിട്ടില്ല..
അനേകായിരം കുട്ടികൾക്ക് വിദ്യ പറഞ്ഞു കൊടുത്ത അദ്ദേഹം ,മദ്യപാനത്തിന്റെ അടിമ ആയിരുന്നു..
എങ്കിലും അച്ഛന്റെ പൊന്നു മോൾ ആയിരുന്നു അവൾ..
അവൾക്കു സംഭവിച്ച ദുരന്തം അദ്ദേഹത്തിന്റെ ശരീരം തളർത്തി..
മതവും മറ്റു പ്രശ്നങ്ങളും ഒക്കെ അകറ്റി നിർത്താം..
മകളെ സ്വീകരിക്കണം എന്നൊരു അപേക്ഷ അല്ലേൽ ആ പയ്യനോട് അദ്ദേഹം സമർപ്പിക്കില്ലല്ലോ..
പ്രകോപനം ഉണ്ടാകാതെ , മര്യാദ കെട്ട വാക്കുകൾക്കു മറുപടി പറയാതെ..
അവൾക്കു വേണ്ടി വീട്ടുകാർ അവനോടു നടത്തിയ അഭ്യർഥനകൾക്കു
നിരാശയായിരുന്നു ഫലം..
അവിടെ,അവളുടെ മനസ്സിന്റെ താളം തെറ്റി…
പ്രത്യക്ഷമായ തരത്തിൽ അല്ലായിരുന്നു എന്ന് മാത്രം…
ബുദ്ധി ശക്തി ഒരുപാടുള്ള റാങ്കു ജേതാവിനു പ്രായോഗിക ബുദ്ധിയുടെ സ്ഥാനത്ത് പകയും വിദ്വേഷവും നിറഞ്ഞു..
ഇനി ജീവിക്കുന്നതിൽ അർഥം ഇല്ല എന്നവൾക്കു തോന്നി..
ദുഖവും അപമാനവും കൊണ്ട് ആഴത്തിൽ മുറിവേറ്റിരുന്നു..
പക്ഷെ ,
ആദ്യത്തെ ആത്മഹത്യ ശ്രമം പാളി..!
ഇനി ജീവിതത്തിന്റെ രണ്ടാം ഘട്ടം..
ഒറ്റപ്പെടലിന്റെ തീവ്രത അനുഭവിക്കാൻ വേണ്ടിമാത്രം തിരഞ്ഞെടുത്ത ദാമ്പത്യം..
അവൾക്കു ഒരിക്കലും ഒരുതരത്തിലും ചേരാത്ത പങ്കാളി..
രൂപം കൊണ്ട് ,വിദ്യാഭ്യാസം കൊണ്ട് , നിലവാരം കൊണ്ട്…,തന്നെക്കാൾ വളരെ താഴ്ന്ന ഒരാൾ..
വാശിയുടെ പുറത്ത് തിരഞ്ഞെടുത്ത ജീവിതം..
ഉച്ചരിക്കപ്പെടാത്ത പരിഭവങ്ങളും പറയാതെ പറയുന്ന പ്രണയ പല്ലവികളും ഇല്ലാതെ ,
വന്യജീവികളുടെ പോലെ അലർച്ചയും വാക്ക് തർക്കങ്ങളും സംവാദങ്ങളും മാത്രമായി ഒരിടം..
ജീവിതത്തെ നിലനിർത്താനും ജീവനെ സംരക്ഷിക്കാനും അവൾ കണ്ടെത്തിയ ബന്ധങ്ങൾ ഒക്കെയും തനിക്കു ഇളയ പുരുഷന്മാരോട് ആയിരുന്നു.
ഭാര്യ ഉള്ള ഒരാളുടെ പങ്കു വെയ്ക്കുന്ന സ്നേഹം വയ്യ..
കുടുംബത്തിന്റെ ഇടയിൽ വിള്ളൽ ഉണ്ടാക്കാൻ പറ്റില്ല..
എന്തിനും അവൾക്കു അവളുടേതായ നിലപാടുകൾ ഉണ്ടായിരുന്നു..
സദാചാരങ്ങളുടെ വേലികെട്ടിനുള്ളിൽ തളച്ചിടാൻ മറ്റാരും ശ്രമിക്കുന്നത് അവൾക്കു സഹിക്കില്ല..
ക്രമേണ ബന്ധുക്കൾ അകന്നു..
പ്രണയമാണ്..അത് മാത്രമാണ്..
അവളുടെ പ്രണയവയു പിടിച്ചു നിർത്തുന്നത്..
അതിനു വേണ്ടി എന്തും ത്യജിക്കും..
ഏതു അറ്റവും പോകും..
വ്യക്തികൾക്ക് പ്രസക്തി ഇല്ല..
ആരൊക്കെയോ..
ഓരോ പ്രണയവും അവൾ പ്രാണവായു പോലെ ഞെഞ്ഞോട് അമർത്തി..
ഭൂമിയിൽ എന്തെന്തു മാറ്റങ്ങൾ സംഭവിക്കുന്നു എന്നവൾക്കു അറിയേണ്ട..
ഒറ്റ ഒരാളിൽ മാത്രമാണ് നോട്ടം..
ചിന്ത..
ലക്ഷ്യം..
മകളെ സ്നേഹമാണ്..
പക്ഷെ അതിനും മേലെ ആണ് അവളിലെ അവളെ നിലനിർത്തിയിരുന്ന ബന്ധങ്ങൾ..
ഓരോ വ്യക്തിയിലും അവൾ കണ്ടത് ആദ്യ പ്രണയത്തിലെ അവനെ ആയിരുന്നു..
അന്നത്തെ അവന്റെ പ്രായം..
അവളുടെ ജീവിത്തിൽ വന്നവരൊക്കെ അതായിരുന്നു..
ആ ശബ്ദം പോലെ..
അവന്റെ മട്ടും മാതിരിയും..
അവളുടെ ശ്വാസം മുട്ടിക്കുന്ന ഭ്രാന്തമായ സമീപനത്തെ വന്നവരിൽ ആർക്കും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല ..
എന്റെ മാത്രം എന്ന സ്വാർത്ഥത അസ്വാഭാവികമായ നിലതെറ്റിക്കുന്ന സമീപനങ്ങൾക്കു കാരണമായി..
ഓരോ ബന്ധങ്ങളും പടി ഇറങ്ങുമ്പോൾ അവൾ അലറി കരഞ്ഞു..
ബഹളം വെച്ച്., സ്വയം മുറിവുകൾ ഉണ്ടാക്കി..
ഒരു ബന്ധത്തിന്റെ തകർച്ചയിൽ ആണ് കൗൺസിലോർ ആയ എന്റെ അടുത്ത് എത്തിയത്..
Psychistrist ന്റെ സഹായം ആണ് തേടേണ്ടത് എന്നത് അന്നവൾ അംഗീകരിച്ചിരുന്നില്ല..
മറ്റാരോടും പറയാനും ഇല്ല..
വേർപ്പെടുത്താനാവാത്ത അസ്വസ്ഥതയുടെ വലക്കണ്ണിയിൽ ,
ഉള്ളിൽ ഇരമ്പി മറിയുന്ന വികാരങ്ങളുടെ വേലിയേറ്റത്തിൽ കിടന്നു വീർപ്പു മുട്ടുന്ന
അവളുടെ മനസ്സിന്റെ താളം തെറ്റൽ കാണാൻ ആരും ശ്രമിച്ചില്ല..
സ്വഭാവത്തിലെ പ്രശ്നങ്ങൾക്ക് ചികിത്സ അനിവാര്യമാണ് എന്ന് ഉറ്റവർ പോലും തിരിച്ചറിഞ്ഞില്ല..
ആരെയും കുറ്റം പറയാൻ വയ്യ..
കാരണം ,ലോകത്തിനു മുന്നിൽ അണിഞ്ഞു ഒരുങ്ങി.,ഉന്നത നേട്ടങ്ങൾ കൊയ്ത്തു ,വിദ്യാഭ്യാസപരമായി ഒരു പാട് നേട്ടങ്ങൾ കൈ വരിച്ചു ,അന്തസ്സുള്ള ഉദ്യോഗം ഭരിക്കുന്ന തന്റേടി ആയ സ്ത്രീ..!
മനസ്സിന്റെ മൗഢ്യം ദാർഷ്ട്യരൂപത്തിൽ ആയിരുന്നു പുറത്ത് വന്നതും..!
എവിടെ ആണ് രോഗം..?
നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുറവ്..!
അതിനപ്പുറം ഒന്നും കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല..
നിഴല് പോലെ കൂടെ നടന്ന കൂട്ടുകാരിയുടെ ദുഃഖം അതാണ്..!
മരണം കൊണ്ട് അവൾ രക്ഷപെട്ടു എന്ന് ആശ്വസിക്കാൻ വയ്യ..
ജീവിച്ചു കൊതി തീർന്നു എന്ന് ചിന്തിക്കാനാവില്ല….
ആ കണ്ണുകൾ ദിവസങ്ങളായി ന്റെ ഉറക്കം കെടുത്തുന്നു….
പ്രണയത്തിൽ ആണെങ്കിൽ കൂടി,
തന്നെ കാൾ, ആരെയും സ്നേഹിക്കാൻ ശ്രമിക്കരുത്..
ആർക്കും അത് താങ്ങാൻ ആകില്ല..
അതൊടുവിൽ തീരാനഷ്ടത്തിൽ തന്നെ ആണ് എത്തിച്ചേരുക..
പറയാനും എഴുതാനും എന്തെളുപ്പം അല്ലേ?
ചിലപ്പോൾ മുറിവുകളുടെ നോവും പിടച്ചിലും മറ്റൊരാൾക്കു കാണാൻ പറ്റണം എന്നില്ല..
അനുഭവിക്കുന്നവർ അതിൽ നിന്നും മാറി പോകാനും തയ്യാറാകാതെ, ജീവിതത്തിന്റെ ഓരോ നിമിഷവും നീറി കൊണ്ടിരിക്കും..
അതങ്ങനെ ആണ്,
വേറിട്ട പ്രണയം പോലെ തന്നെ വേറിട്ട വേദനയും വ്യക്തിയുടെ ഭാഗമായി മാറിയാൽ,
പിന്നെ പട്ടട വരെ മോചനമില്ല…
എന്നിരുന്നാലും,യഥാ സമയം ചികിത്സ ഒരു ആശ്വാസം ആയിരിക്കും…
Post Your Comments