കൊച്ചി: നെട്ടൂരില്‍ അര്‍ജ്ജുനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ക്രൂരത വെളിപ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട്. അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
സംഭവദിവസം രാത്രി തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് ഒന്നാം പ്രതി നിബിന് അര്‍ജ്ജുനെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ അര്‍ജ്ജുന്റെ തലയില്‍ നിബിന് പട്ടിക കൊണ്ടടിച്ചു. നിലത്തു വീണ അര്‍ജ്ജുന്റെ തലയില്‍ കരിങ്കല്ല് കൊണ്ട് വീണ്ടും അടിക്കുകയായിരുന്നു. മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മര്‍ദ്ദനം തുടര്‍ന്നെന്നാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
കൊലപാതകം നടന്ന ദിവസം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെത്തിച്ചാണ് ആദ്യ ദിവസത്തെ തെളിവെടുപ്പ് നടത്തിയത്. സംഭവ ദിവസം ഉപയോഗിച്ച വാഹനം, മൊബൈല്‍ ഫോണ്‍ എന്നിവ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ എടുക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്ക് പ്രദേശത്തെ ലഹരിമാഫിയകളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കും.
Post Your Comments