KeralaLatest News

തടയണ പൊളിക്കാന്‍ ഉത്തരവ്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് കലക്ടര്‍, കേസ് ഇന്ന് വീണ്ടും പരിണിക്കും

കൊച്ചി : പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിക്കുന്നത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം തടയണ പൊളിച്ച് ഇന്നലെ മുതല്‍ വെള്ളം തുറന്നു വിട്ടു തുടങ്ങിയിരുന്നു. കേസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജൂണ്‍ 21നാണ് പി.വി.അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ തടയണ ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിച്ച് തുടങ്ങിയത്. പന്ത്രണ്ട് ദിവസമെടുത്ത് ഇതുവരെ മാറ്റിയത് 850 ക്യൂബിക് മീറ്റര്‍ മണ്ണാണ്. നാലര മീറ്റര്‍ വീതിയില്‍ മണ്ണ് മാറ്റി തോട് കീറിയാണ് വെള്ളം പുറത്ത് വിടുന്നത്. കോടതി ഉത്തരവനുസരിച്ച് ആറ് മീറ്റര്‍ വീതിയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് 1200 ക്യൂബിക് മീറ്റര്‍ മണ്ണ് മാറ്റണം. വീതി കൂട്ടാനും മണ്ണ് മാറ്റാനും ഏഴ് മുതല്‍ പത്ത് ദിവസം കൂടി വേണമെന്നാണ് ജില്ലാ ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വനത്തിനോടു ചേര്‍ന്ന ഭൂമിയില്‍ പ്രവൃത്തികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്. മഴയും കാട്ടാനശല്യവും മണ്ണ് മാറ്റിയിടാന്‍ സ്ഥലമില്ലാത്തതും യന്ത്രങ്ങള്‍ പണിമുടക്കുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഉടമയില്‍ നിന്ന് റവന്യൂ റിക്കവറി ചെയ്ത് ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം.

വരുന്ന മഴയ്ക്കു മുമ്പു തടയണ പൊളിച്ചു നീക്കണമെന്നായിരുന്നു സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശം. തടയണയുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്കും പ്രകൃതിക്കും തടയണ ഭീഷണിയാണെന്നു പരിശോധന നടത്തിയ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജലസേചന എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സമിതിയാണു പഠനം നടത്തിയത്.

ചീങ്കണ്ണിപ്പാലയില്‍ അന്‍വര്‍ കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്കു കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയത്. അന്‍വര്‍ പിന്നീടു തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button