ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പൗരന്മാര്‍ക്കും സംവരണത്തിന് അര്‍ഹത നല്‍കുന്ന സംവരണ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. നേരിട്ടുള്ള നിയമനം, സ്ഥാനക്കയറ്റം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം അടക്കം എല്ലാ കാര്യങ്ങളിലും 3%സംവരണം നല്‍കുന്നതാണ് ബില്‍. 350,000 പേര്‍ക്ക് ഭേദഗതിയിലൂടെ പ്രയോജനം ലഭിക്കും.
ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ആറു മാസം കൂടി നീട്ടുന്നതിനുള്ള പ്രമേയവും അമിത് ഷാ അവതരിപ്പിച്ചു. കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തുവെങ്കിലും പ്രമേയം പാസാക്കി. ശബ്ദവോട്ടൊടെയാണ് പ്രമേയങ്ങള്‍ പാസാക്കിയത്. കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതില്‍ ഒരു ന്യായീകരണവുമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഹസനയിന്‍ മസൂദി പറഞ്ഞു. അതേസമയം, മോഡി സര്‍ക്കാരിന് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്ന് അമിത് ഷാ മറുപടി പറഞ്ഞു.
അതിര്‍ത്തികളില്‍ സംരക്ഷണം ഉറപ്പാക്കി ഭീകരവാദത്തില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കുകയാണ് ലക്ഷ്യം. ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 2307 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും ജെ.കെഎല്‍.എഫിനെയും ബി.ജെ.പി സര്‍ക്കാര്‍ നിരോധിച്ചുകഴിഞ്ഞു. സുരക്ഷാ ഭീഷണിയില്ലെന്ന് കണ്ടെത്തിയ 919 പേരുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു.ജനങ്ങളുടെ സഹായത്തോടെ ഭീകരതയെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ചവിശ്വാസമുണ്ടെന്ന് ഷാ വ്യക്തമാക്കി.
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് യോജിച്ച സമയമാകുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുമെന്നും അതില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നും ഷാ പറഞ്ഞു. ജമ്മുകശ്മീരിലെ ജനങ്ങളെ സര്‍ക്കാര്‍ സഹോദരങ്ങളായാണ് കാണുന്നത്. ജമ്മു കശ്മീരിനാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ മുന്‍ഗണന. ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ ആര്‍ജിക്കുന്നു. അവര്‍ ഏറെ സഹിച്ചവരാണ്. കശ്മീരിന് ഏറ്റവും വലിയ പദ്ധതികളാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുഛേദം 370 താത്ക്കാലികമാണെന്നും അമിത് ഷാ പറഞ്ഞു.
ജനാധിപത്യത്തെ ഞങ്ങള്‍ ചവിട്ടി മെതിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഭരണഘടനാ അനുഛേദം 356 പ്രകാരം ഇതിനകം 132 തവണ കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. അതില്‍ 93 തവണയും കോണ്‍ഗ്രസ് ആണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അവര്‍തന്നെ നമ്മെ ജനാധിപത്യം പഠിപ്പിക്കുകയാണോ? അമിത് ഷാ പരിഹസിച്ചു.ഭീകരവാദത്തിന്റെ വേര് പാകിസ്താനിലാണെന്ന് മനസ്സിലാക്കിയാണ് മോഡി സര്‍ക്കാര്‍ അവിടെ സര്‍ജിക്കല്‍ സ്‌ട്രൈക്കും എയര്‍ സ്‌ട്രൈക്കും നടത്തിയത്.
ആരാണ് രാജ്യത്തിന്റെ വിഭജനത്തിന് ഉത്തരവാദി? ജമ്മു കശ്മീരിന്റെ മൂന്നിലൊന്നു ഭാഗം വേര്‍പെട്ടുപോയതില്‍ ആരാണ് തെറ്റുകാരന്‍? ആരാണ് വെടിനിര്‍ത്തല്‍ പിന്‍വലിച്ചത്. ? അത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. പാക് അധീന കശ്മീര്‍ ഭാഗം പാകിസ്താന് നല്‍കിയത് നെഹ്‌റുവാണ്. ജനങ്ങളെ മോഡി സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ അന്ന് ആഭ്യന്തരമന്ത്രി പോലും അറിയാതെയാണ് നെഹ്‌റു വിഭജനം നത്തിയത്.
സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു വിഷയം കൈകാര്യം ചെയ്തിരുന്നതെങ്കില്‍ പാക് അധീന കശ്മീര്‍ ഇപ്പോഴും ഇന്ത്യയുടെ ഭാഗമായിരുന്നേനെ. അതുകൊണ്ട് മനീഷ് തിവാരി (കോണ്‍ഗ്രസ്) ബി.ജെ.പിയെ ചരിത്രം പഠിപ്പിക്കരുതെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments