തിരുവനന്തപുരം: കല്ലട ബസിലെ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. അധ്യക്ഷ എം സി ജോസഫൈന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെടുത്തത്. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കമ്മീഷൻ പരിശോധിക്കുമെന്നും എം സി ജോസഫൈൻ അറിയിച്ചു.
യാത്രക്കിടെ സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പോലും ജീവനക്കാർ ബസ് നിർത്തിക്കൊടുക്കുന്നില്ലെന്ന പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മീഷന് അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരൻ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ഗൗരവമായാണ് കാണുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി.
കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്നാട് സ്വദേശിനിക്ക് നേരെയായിരുന്നു പീഡനശ്രമം. പുലര്‍ച്ചെ രണ്ടരയോടെ സ്ലീപ്പര്‍ ബസ് കോഴിക്കോട് പിന്നിട്ടപ്പോഴാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്സണ് ജോസഫ് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. നിലവിളി കേട്ടുണര്‍ന്ന മറ്റു യാത്രക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തേഞ്ഞിപ്പലം പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ശേഷം യാത്രക്കാര്‍ക്കായി മറ്റൊരു വാഹനം സജ്ജമാക്കി.
Post Your Comments