തൃശൂര്‍: കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജൂണ്‍ 18ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. പണിമുടക്കിന് ആധാരമായ കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്.
വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് തല്ക്കാലം നടപ്പാക്കില്ല. ആവശ്യമായ ഘട്ടത്തില്‍ പൊതുമേഖല സ്ഥാപനത്തില്‍നിന്ന് തവണ വ്യവസ്ഥയില്‍ ഉപകരണം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിള്‍ 26ന് മന്ത്രിതല യോഗത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്ന് ഉറപ്പുനല്‍കി. ഇതേ തുടർന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ കെ.കെ. ദിവാകരന് അറിയിച്ചു.
വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ടാക്സികള്‍ക്ക് 15 വര്‍ഷത്തെ നികുതി ഒന്നിച്ചടക്കണമെന്ന തീരുമാനം ഉപേക്ഷിക്കുക, ഓട്ടോ മീറ്റര്‍ സീല്‍ ചെയ്യാന്‍ വൈകിയാല്‍ 2000 രൂപ പിഴ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് പണിമുടക്കാന്‍ തീരുമാനിച്ചത്.
Post Your Comments