രണ്ടാംതവണയും മരണഭീഷണി മുഴക്കി നിപ ബാധ സ്ഥിരീകരിക്കപ്പെടുമ്പോള്‍ ആശങ്കയിലാണ് സംസ്ഥാനം. പ്ലേഗ് പോലെയോ വസൂരി പോലെയോ അനേകരിലേക്ക് പകരുന്ന രോഗമല്ല നിപ എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുമ്പോഴും ഈ അസുഖബാധിതരുമായി അടുത്തിടപഴകുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും ആരോഗ്യമേഖല നല്‍കുന്നു. നിപ രോഗബാധയുണ്ടായവരുമായി അടുത്തിടപഴകുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചു, എന്നാല്‍ സ്ഥിരീകരിക്കാത്ത അല്ലെങ്കില്‍ രോഗം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ നിപ വൈറസ് ഉയര്‍ത്തുന്ന ഭീഷണി അവഗണിക്കാന്‍ കഴിയാത്തതാണ്. പനി ബാധിതരെ സൂക്ഷ്മനിരീക്ഷണം നടത്തി ഏത് തരത്തിലുള്ള പനിയാണെന്ന് സ്ഥിരീകരിക്കുകയാണ് ആദ്യം വേണ്ടത് അതുകൊണ്ടുതന്നെ സാധാരണ പനിയെപ്പോലും ഭയക്കുകയാണ് കേരളമിപ്പോള്‍.
നീണ്ട പനി, നാവ് കുഴയല്‍, രോഗം സ്ഥിരീകരിച്ചത് എറണാകുളത്ത്
മെയ് 30 നാണ് 23കാരനായ യുവാവ് എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സ തേടിയത്. ഒരാഴ്ച നീണ്ട പനി, സംസാരിക്കുമ്പോള്‍ നാവ് കുഴയല്‍, ശരീരത്തിന്റെ ബാലന്‍സ് കുറയല്‍ തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. തുടര്‍ന്ന് എംആര്‍ഐ സ്‌കാന്‍ അടക്കമുള്ള സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാക്കി. എന്‍എബിഎല്‍ അംഗീകൃത ലാബില്‍ നടത്തിയ പരിശോധനാഫലങ്ങള്‍ രോഗിക്ക് നിപ വൈറല്‍ എന്‍സഫലൈറ്റിസ് ആകാമെന്ന സൂചന നല്‍കി. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരമറിയിക്കുകയും രോഗിയെ ഐസൊലേഷന്‍ റൂമിലേക്ക് മാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ യുവാവിന്റെ ക്ലിനിക്കല്‍ സാമ്പിളുകള്‍ വിദഗ്ധ പരിശോധനകള്‍ക്കായി മൂന്ന് സര്‍ക്കാര്‍ അംഗീകൃത ലാബുകളിലേക്കും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ അയക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിന് നിപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തയ്യാറെടുപ്പുമായി ആരോഗ്യമേഖല
ആരോഗ്യമേഖലയില്‍ നിപയെ ചെറുക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കപ്പെട്ടുകഴിഞ്ഞെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. 30,000 ഡോക്ടര്‍മാര്‍ക്ക് നൂതനമായ ചികിത്സാ രീതികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ കൈമാറിക്കഴിഞ്ഞു. രോഗിയെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട വ്യക്തിസംരക്ഷണത്തെക്കുറിച്ച് കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്നും ഐഎംഎ അവകാശപ്പെടുന്നുണ്ട്. എറണാകുളം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്തിടപഴകിയ 311 പേര്‍ നിരീക്ഷണത്തിലാണ്. വീട്ടില്‍ തന്നെ കഴിയണമെന്നാണ് ഇവര്‍ക്ക് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രോഗിയുമായി അടുത്തിടപഴകുകയും പരിചരിക്കുകയും ചെയ്തവരുടെ വിശദമായ ലിസ്റ്റാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്.
ഭയക്കേണ്ടത് വവ്വാലുകളെ
അതേസമയം എങ്ങനെയാണ് നിപ വൈറസ് ബാധ പകരുന്നതെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ധാരണയില്ല. നിപയെ പേടിച്ച് കോഴിയിറച്ചി കഴിക്കുന്നതിന് വരെ ഭയക്കുന്നവരാണ് അധികവും. എന്നാല്‍ വവ്വാലുകളെ മാത്രമാണ് ഭയക്കേണ്ടത്. ഇവയുടെ ഉമിനീര്‍, ശരീരസ്രവങ്ങള്‍, വിസര്‍ജ്യം എന്നിവയിലൂടെ വൈറസ് പകരാനാണ് ഏറ്റവുമധികം സാധ്യത. നേരിട്ട് ചിക്കന്‍ പോലുള്ളവ വൈറസ് വാഹകരല്ലെങ്കിലും വവ്വാലുകളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധം വഴി വൈറസ് പകര്‍ന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. അതുകൊണ്ട് തന്നെ അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ വരെ വേവിച്ചതിന് ശേഷം മാംസം ഉപയോഗിക്കുന്നതാണ് ഉത്തമം. പാല്‍ തിളപ്പിച്ച് ഉപയോഗിക്കുന്നതിനാല്‍ വൈറസ് ഉണ്ടെങ്കില്‍ തന്നെ നശിപ്പിക്കപ്പെടും. വാഴകളില്‍ വവ്വാലുകളുടെ സ്ഥിരം സാന്നിദ്ധ്യമുള്ളതിനാല്‍ വാഴയിലയിലെ സദ്യയാണ് ആളുകളെ ആശങ്കപ്പെടുത്തുന്ന മറ്റൊന്ന്. എന്നാല്‍ ഇല നന്നായി കഴുകി തുടച്ച് ഉപയോഗിക്കുന്നത് അപകടം ഒഴിവാക്കും. വാഴക്കൂമ്പും മറ്റും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷം ഉപയോഗിക്കാം. പേരക്ക, മാങ്ങ തുടങ്ങിയ പഴ വര്‍ഗങ്ങള്‍ പോറലുള്ളതോ പൊട്ടിയതോ ആണെന്ന് കണ്ടാല്‍ ഒഴിവാക്കുന്നതാകും നന്ന്. പുറത്ത് നിന്ന് വാങ്ങുന്ന ഫലങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കുന്നതാകും ഉചിതം.
വരാതെ കാക്കണം, നിപ വൈറസിന് മരുന്നില്ല
നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്നാല്‍ നിപ വൈറസിനെതിരെ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിനെ ഭീതിദമാക്കുന്നത്. മലേഷ്യയിലാണ് നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത്. 1998ലായിരുന്നു ഇത്. പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പിന്നാലെ നൂറിലധികം മനുഷ്യരെ വൈറസ് ബാധിക്കുകയുമായിരുന്നു. പന്നികളായിരുന്നു മലേഷ്യയില്‍ നിപ വൈറസ് വാഹകര്‍. പനി തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരികരിക്കുന്നത്. ചുമ വയറുവേദന, ഛര്‍ദി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളും നിപയ്ക്കുണ്ട്. രോഗിയെ പരിചരിക്കുന്ന്വര്‍ നിര്‍ബന്ധമായും മാസ്‌കും കൈയുറയും ധരിക്കണം.
എന്തായാലും കഴിഞ്ഞ തവണയും ഭീതി പടര്‍ത്തി കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയതാണ് നിപ വൈറസ്. യുക്തമായ സജ്ജീകരണങ്ങളും മുന്‍കരുതലുകളുമായി അന്ന് കേരളം നിപയെ തോല്‍പ്പിച്ചു. ഇത്തവണ മുന്‍അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പഴുതുകളലില്ലാത്ത പ്രതിരോധം തീര്‍ക്കുമെന്ന ഉറപ്പുണ്ട് അധികൃതര്‍ക്ക്. സംസ്ഥാനത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരും നിലകൊള്ളുമ്പോള്‍ നിപ മുട്ടുമടക്കുമെന്ന് ഉറപ്പ്. അതുവരെ വൈറസ് ബാധയേല്‍ക്കാതെ സ്വയം കാക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാകണം.
Post Your Comments