ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല്‍ ചെയ്യുന്നത്. സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ സിവില്‍ കോടതികളെ സമീപിക്കാമെന്നായിരുന്നു കോടതി നിര്‍ദ്ദേശം.
സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ വൈകുന്നത് ഹാരിസണിനെ സഹായിക്കാനാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ കൊല്ലം തെന്മലയിലെ റിയ എസ്റ്റേറ്റ് ഹൈക്കോടതിയെ സമീപിത്ത് അനുകൂല ഉത്തരവ് നേടിയതിന്റെ അടിസ്ഥാനത്തില്‍ അവരില്‍ നിന്ന് കരം സ്വീകരിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഹാരിസണ്‍ വിറ്റതും കൈവശം വച്ചിരിക്കുന്നതുമായ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനാണ് കേസ് നല്‍കുന്നത്. ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലായിരിക്കും കേസ് ഫയല്‍ ചെയ്യുന്നത്.
ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എണ്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന് റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന് കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോട്ട് തുടങ്ങിയ ആറോളം അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി.വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം.ജി രാജമാണിക്യത്തെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. ഒടുവില്‍ 2018 ഏപ്രിലില്‍ വിധി വന്നപ്പോള്‍ ഹാരിസണ്‍ കേസ് തോറ്റു എന്നു മാത്രമല്ല, കോടതിയുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനവും സര്‍ക്കാരിന് കേള്‍ക്കേണ്ടി വന്നു.
Post Your Comments